ഏപ്രിൽ മുതൽ കാറുകളുടെ വില വർധിക്കും

Share our post

ന്യൂഡൽഹി: ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ് വില വർധനവെന്ന് കമ്പനികൾ പറയുന്നു. എല്ലാ മോഡലുകൾക്കും നാല് ശതമാനം വരെയാണ് മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. അസംസ്കൃത വസ്തുക്കളുടെയും പ്രവർത്തന ചെലവുകളുടെയും വർധന കണക്കിലെടുത്ത് ഏപ്രിൽ മുതൽ കാറുകളുടെ വില മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ടാറ്റ മോട്ടോഴ്‌സും ഏപ്രിൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന ശ്രേണിയുടെ വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. കിയ ഇന്ത്യ, ഹോണ്ട കാർസ് ഇന്ത്യ, റെനോ ഇന്ത്യ, ബിഎംഡബ്ല്യു എന്നിവയും അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കാർ നിർമാതാക്കൾ സാധാരണയായി രണ്ട് തവണ വിലവർധിപ്പിക്കാറുണ്ടെന്ന് ഡെലോയിറ്റ് പാർട്ട്ണറും ഓട്ടോമോട്ടീവ് മേഖലയിലെ മുൻനിരക്കാരനുമായ രജത് മഹാജൻ പറഞ്ഞു. ഒന്ന് കലണ്ടർ വർഷത്തിന്റെ തുടക്കത്തിലും മറ്റൊന്ന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ യുഎസ് ഡോളറിനെതിരെ രൂപയ്ക്ക് ഏകദേശം 3 ശതമാനം വില വർധിച്ചു. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഉയർന്ന വിഭാഗങ്ങളെ ബാധിക്കുന്നു. കൂടാതെ നിർമാണ ചെലവുകളിൽ നേരിട്ടും അല്ലാതെയും സ്വാധീനം ചെലുത്തുന്നുമുണ്ട്. വില കുറഞ്ഞ വാഹനങ്ങൾക്കുള്ള ആവശ്യം, പ്രത്യേകിച്ച് ആദ്യമായി വാഹനം വാങ്ങുന്നവരിൽ നിന്നും ഗ്രാമീണ ഉപഭോക്താക്കളിൽ നിന്നും കുറഞ്ഞതാണ് വില വർധനവിനുള്ള മറ്റൊരു കാരണം. പ്രീമിയം സെഗ്‌മെന്റുകളിൽ ലാഭവിഹിതം വളരെ കൂടുതലാണ്. കാറുകളിൽ ഫീച്ചറുകൾ കൂടുന്നതും വില വർധനവിന് കാരണമാണെന്നും മഹാജൻ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!