മഹാമാരിക്ക് ശേഷം ഹൃദ്രോഗികൾ വർധിച്ചു; വാക്സിനെ പഴിക്കേണ്ടതില്ല, വില്ലന്‍ കോവിഡ്

കോവിഡ് വാക്സിന്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. രോഗത്തെക്കാള്‍ ചികിത്സയെ കുറ്റപ്പെടുത്തുന്ന പ്രവണത പൊതുസമൂഹത്തിനുണ്ട്. കോവിഡ് ശരീരത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ അദ്ദേഹം പറഞ്ഞു. ലോകത്ത് ഏതാണ്ട് 99 ശതമാനം ആളുകളിലും കോവിഡ് വന്നു പോയിട്ടുണ്ട്. പലരും ലക്ഷണങ്ങള്‍ ഇല്ലതിരുന്നതിനാല്‍ രോഗം നിര്‍ണയം നടത്തിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് കോവിഡ് വന്നിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല. അതില്‍ പലരും കോവിഡ് വാക്സിന്‍ എടുക്കാത്തവരുണ്ട്.
വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ മാത്രമല്ല ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ വാക്സിനെ കുറ്റപ്പെടുത്താനാകും. കോവിഡ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വാക്സിന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് എല്ലാവരുടെയും ശരീരത്തില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ധാരാളം കോശജ്വലന മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്, പ്രത്യേകിച്ച് രക്തക്കുഴലുകളിൽ. പലപ്പോഴും രക്തക്കുഴലുകളിലെ അണുബാധയാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്. അണുബാധ രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ വീക്കം ഉണ്ടാക്കുകയും ക്രമേണ ചെറിയ അൾസറുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ചെറുപ്പക്കാരില്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാനുള്ള ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.