സൗജന്യ ചാനലുകളുമായി ബി.എസ്.എൻ.എൽ, ഒരാഴ്ചയ്ക്കകം കേരളമാകെ; 400 ചാനലുകള്‍, 23 മലയാളം

Share our post

കണ്ണൂർ: അതിവേഗ ഇന്റർനെറ്റ് വഴി ബി.എസ്.എൻ.എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് വ്യാപിപ്പിക്കുന്നത്.മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവയ്ക്ക് ബി.എസ്എൻഎലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കും. എഫ്ടിടിഎച്ചിന്റെ ഏത് പ്ലാൻ എടുത്തവർക്കും ഐഎഫ്ടിവി സേവനം ലഭ്യമായിരിക്കും. ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്‌ഷനുള്ളവർക്കാണ് കിട്ടുക. സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക. 23 എണ്ണം മലയാളം. എഫ്ടിടിഎച്ചിന്റെ പ്രചാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൈപ്രോ കമ്പനിയുമായുള്ള ധാരണയിലാണ് ആദ്യം 50-ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി നൽകുന്നത്.

രജിസ്റ്റർ ചെയ്യണം

ശേഷിക്കുന്ന ജില്ലകളിൽ ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. http://fms.bsnl.in/iptvreg എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാകും. തുടർന്ന് സ്മാർട്ട് ടിവിയിൽത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് സ്കൈപ്രോ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിലും ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഉണ്ടാകും. ആപ്പ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ചാനലുകൾ ലഭ്യമാകും.അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!