കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകി, കണ്ണൂരിന്റെ റെയിൽവേ വികസനകുതിപ്പിന് തിരിച്ചടി

കണ്ണൂർ: റെയിൽവേയുടെ കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയത് കണ്ണൂരിന്റെ വികസനകുതിപ്പ് തടയും. ടെക്സ് വർത്ത് കമ്പനി അവരുടെ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് റെയിൽ ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി (ആർഎൽഡിഎ) പാട്ടത്തിന് നൽകുന്നത് എന്നാണ് റെയിൽവേ വാദം. റെയിൽവേക്ക് വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലാണ് കണ്ണൂരിലെ 7.19 ഏക്കർ ഭൂമിയും പെട്ടത്. എന്നാൽ, സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന, നാലാം പ്ലാറ്റ്‌ഫോമിന്റെ കുറവ്, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാ പ്രശ്നം ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്.
യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലാണ് കണ്ണൂർ. വർഷാവർഷം കുതിക്കുമ്പോഴും കണ്ണൂരിന്റെ സ്റ്റേഷൻ വികസനം പിറകോട്ടേക്കാണ്. കേരളത്തിലെ ആറു കോർപ്പറേഷനുകളിൽ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ കണ്ണൂർ ഒഴികെ ലോക നിലവാരത്തിലേക്ക് ഉയരും. റെയിൽവേക്കുള്ളിൽ ഇരുഭാഗത്തും സ്ഥലം പോകുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. പടിഞ്ഞാറുഭാഗത്ത് വാണിജ്യസമുച്ചയം ഉയരുമ്പോൾ റോഡിന് വീതികൂട്ടാനാകില്ല. മുനീശ്വരൻ കോവിൽ മുതൽ പ്ലാസ അടക്കം റോഡിനു സമാന്തരമായി വീതികൂട്ടാൻ റെയിൽവേ സ്ഥലം വേണം. റെയിൽവേ സ്ഥലം സ്വകാര്യകമ്പനിക്ക് നൽകിയപ്പോൾ റോഡ് വീതികൂട്ടൽ പൂർണമായും നിലയ്ക്കും.
മുറുകുന്ന കുരുക്ക്
പാട്ടക്കരാർ നൽകി പലതവണ കുടുക്കിലായിട്ടും റെയിൽവേ പഠിക്കുന്നില്ല എന്നതാണ് വസ്തുത. റെയിൽവേ സ്ഥലം ബിപിസിഎല്ലിന് ഇന്ധന ഡിപ്പോക്കു വേണ്ടി നൽകിയിരുന്നു. ഇന്ധന പൈപ്പ് ലൈൻ മാറ്റിയാൽ നാലാം പ്ലാറ്റ്‌ഫോം സ്ഥാപിക്കാമെന്നിരിക്കെ, ബിപിസിഎൽ അതിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് വിവിധോദ്ദേശ വാണിജ്യ കെട്ടിട സമുച്ചയം (എംഎഫ്സി) പണിതു. 1782.40 സ്ക്വയർ മീറ്ററിലുള്ള കോംപ്ലക്സിന്റെ വാടക ഈടാക്കുന്നതിനുള്ള തർക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
2022-ൽ ആർ.എൽ.ഡി.എ കണ്ണൂരിലെ 7.19 ഏക്കർ ഭൂമി ടെൻഡർ ചെയ്തിട്ടും ആരും ഒന്നും അറിഞ്ഞില്ല. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയനേതൃത്വവും യുവജന സംഘടനകളും ഇടപെട്ടു. ഭൂമി പാട്ടത്തിന് കൈമാറിയിട്ടില്ലെന്ന് 2023 ഫെബ്രുവരിയിൽ റെയിൽവേ നൽകിയ വിവരവാകാശ രേഖയിലുണ്ട്.അതിന്റെ തുടർച്ചയായിട്ടാണ് പടിഞ്ഞാറുഭാഗത്ത് രണ്ടുഭാഗം ഇപ്പോൾ കമ്പനിക്ക് കൈമാറിയത്. റെയിൽവേ വികസനത്തിന് ഒരിഞ്ച് സ്ഥലം കിട്ടാൻ പൊന്നുംവില മുടക്കുമ്പോഴാണ് കൈയിലെ പൊന്നുംവിലയുള്ള സ്ഥലം ചെമ്പുവിലയ്ക്ക് നൽകുന്നത്.