സ്കൂൾദിനം ഉറപ്പാക്കാൻ കുറുക്കുവഴി, സ്വാതന്ത്ര്യദിനത്തിലും ‘ക്ലാസ്’

തിരുവനന്തപുരം: ദേശീയപതാക ഉയർത്തി, മിഠായിയും നുണഞ്ഞ് വീട്ടിലേക്കു മടങ്ങാതെ, കുട്ടികൾക്ക് സമരപാഠങ്ങളുടെ അറിവുപകരുന്ന പഠനദിനങ്ങളായി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം മാറും. ഗാന്ധിജയന്തിയും റിപ്പബ്ലിക് ദിനവുമൊക്കെ ഇങ്ങനെ മാറ്റാനുള്ള ആലോചനയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രപ്രാധാന്യമുള്ള ദിനങ്ങളിൽ അവധിനൽകുന്നതിനു പകരം സ്‌കൂൾ കലണ്ടറിൽ അധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ലാസ്‌മുറി പഠനത്തിനു പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി, നിശ്ചിത അധ്യയനദിനങ്ങൾ ഉറപ്പാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. അധ്യയനവർഷം 220 പ്രവൃത്തിദിനം ഉറപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ, കുട്ടികൾക്ക് അറിവുപകരാനുള്ള സന്ദർഭമാക്കിമാറ്റണമെന്ന് ഖാദർ കമ്മിറ്റിയും ശുപാർശചെയ്തിരുന്നു. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറുമുതൽ എട്ടുവരെ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം.
എട്ടുവരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. എൽപിയിൽ 200 ദിനങ്ങൾ കണ്ടെത്താനാവും. യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കാൻ വഴിതേടുകയാണ് സർക്കാർ. ശരാശരി 195 പ്രവൃത്തിദിനങ്ങളേ കിട്ടാറുള്ളൂ. ഈ സാഹചര്യത്തിലാണ് പഠിക്കാൻ സമിതിയെവെച്ചത്. ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെ ഭൂരിപക്ഷം സംഘടനകളും എതിർക്കുന്നു. എന്നാൽ, തുടർച്ചയായി ആറുപ്രവൃത്തിദിനം വരാതെ ശനിയാഴ്ച അധ്യയനമാവാമെന്നാണ് ധാരണ. ഇങ്ങനെ, അടുത്തവർഷം ഏഴ് അധ്യയനദിനങ്ങൾ അധികം ലഭിക്കും. കലാകായികമേളകൾ ശനിയാഴ്ചകൂടി ക്രമീകരിച്ച് അധിക അധ്യയനദിനം കണ്ടെത്താനാണ് മറ്റൊരു ആലോചന. ഇതിനുപുറമേ, സ്‌കൂൾസമയം അരമണിക്കൂർ കൂട്ടുന്നതും പരിഗണിക്കുന്നു. ഇതോടെ, മാസത്തിൽ രണ്ടുദിവസം അധികമായി കിട്ടുമെന്ന് അധികൃതർ പറഞ്ഞു.