നിത്യലഹരിക്കാർക്ക് ഇനി മഹല്ലുവിലക്കുമായി മഹല്ല് കമ്മറ്റികൾ

താമരശ്ശേരി(കോഴിക്കോട്): ലഹരി ഉപയോഗം സാമൂഹികവിപത്തായി മാറിയതോടെ ശക്തമായ നടപടികളുമായി പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മിറ്റികൾ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് വിവാഹാവശ്യത്തിന് മറ്റു മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സാക്ഷ്യപത്രം നൽകില്ല. ഒരുവിധ ലഹരി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടില്ലെന്ന് ഉറപ്പുവരുത്തും. സമൂഹത്തെ വെല്ലുവിളിച്ച് ലഹരികുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരെ മഹല്ലു തലങ്ങളിൽ ബഹിഷ്കരിക്കും. കട്ടിപ്പാറ വേനക്കാവിൽ ലഹരിക്കടിമയായ മകൻ ഉമ്മയെ വെട്ടിക്കൊന്നതിന്റെയും പുതുപ്പാടി നാക്കി ലമ്പാടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റികൾ ചേർന്ന് ഈ തീരുമാനങ്ങളെടുത്തത്. മഹല്ലുതലങ്ങളിൽ ബഹുജനക്കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയും രൂപവത്കരിക്കും. സർക്കാരും പോലീസും നടത്തുന്ന നടപടികളോട് സഹകരിക്കും. കുട്ടികൾ ലഹരി ഉപയോഗശീലമുള്ള വരുമായി കൂട്ടുകെട്ടുണ്ടോയെന്ന് പരിശോധിക്കണം. ഒടുങ്ങാക്കാട് മഖാം മസ്‌ജിദ് ഹാളിൽ മഹല്ല് രക്ഷാധികാരി വി.കെ. ഹുസൈൻ കുട്ടിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാവിലെയാണ് എല്ലാ വിഭാഗങ്ങളിലുംപെട്ട മഹല്ല് കമ്മിറ്റികളെ യും പങ്കെടുപ്പിച്ച് അടിയന്തരയോഗം ചേർന്നത്.