അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി വട്ടോളിപ്പാലം ഉടൻ തുറക്കും

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി, കോട്ടയിൽ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നിർമാണം പൂർത്തിയായ വട്ടോളിപ്പാലം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഞ്ചുവർഷം മുമ്പ് നിർമാണം പൂർത്തിയായെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് അപ്രോച്ച് റോഡ് നിർമിക്കാനാവാത്തതിനെ തുടർന്ന് ഗതാഗതമുണ്ടായിരുന്നില്ല. ഇരുഭാഗത്തും അപ്രോച്ച് റോഡ് നിർമിച്ചതോടെയാണ് പാലം ഗതാഗതത്തിന് സജ്ജമായത്. കോടികൾ ചെലവഴിച്ച് പാലം പണിതിട്ടും നാട്ടുകാർക്ക് പാലം കടക്കാൻ കഴിയാതിരുന്നത് പ്രതിസന്ധിക്കിടയാക്കിയിരുന്നു. കെ കെ ശൈലജ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ് കുരുക്കഴിച്ച് അപ്രോച്ച് റോഡ് യാഥാർഥ്യമാക്കിയത്. വട്ടോളിപ്പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നതിന് 4.43 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരുന്നത്. അക്കരെ വട്ടോളി ഭാഗത്ത് ഒമ്പത് മീറ്റർ ഉയരമുള്ള പാലത്തിന്റെ അനുബന്ധ റോഡ് നിർമാണത്തിലെ ഡിസൈനിങ്ങിലുണ്ടായ അപാകമാണ് അനുബന്ധ റോഡിന്റെ നിർമാണം വൈകാൻ കാരണമായത്.
കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കൾവർട്ടർ സ്ഥാപിച്ച് അടിപ്പാത സംവിധാനം ഒരുക്കിയാണ് അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കിയത്. 3.4 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാവിറ്റി ഇൻഫ്രാൻസ്ട്രക്ടർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല. 78 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്ററാണ് വീതി. പാലത്തിനിരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. നിർമാണം പൂർത്തിയായ പാലത്തിലേക്ക് വട്ടോളി ഭാഗത്തുനിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്തുനിന്ന് 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് അനുബന്ധ റോഡ് നിർമിച്ചത്. വട്ടോളി പുതിയ പാലം തുറന്നാൽ ചിറ്റാരിപ്പറമ്പിൽനിന്ന് വലിയ വാഹനങ്ങൾക്ക് എളുപ്പമാർഗം കോട്ടയിൽ, കോയ്യാറ്റിൽ, തൊടീക്കളം, ഇടുമ്പ, മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ പ്രദേശങ്ങളിലെത്താനാകും. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് ഇപ്പോൾ നാട്ടുകാരുടെ ഏക ആശ്രയം.