എട്ട് കിലോ കഞ്ചാവുമായി ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയിലില്‍ രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

വടകര: തീവണ്ടിയില്‍ എക്സൈസും ആര്‍.പി.എഫും നടത്തിയ സംയുക്ത പരിശോധനയില്‍ 8.2 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അജിത്ത് നായക് (26), ലക്ഷ്മണ്‍ നായക് (27) എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയിലില്‍നിന്നു പിടികൂടിയത്.ശനിയാഴ്ച രാവിലെ 8.30-ന് വണ്ടി വടകര സ്റ്റേഷനില്‍ എത്തിയ സമയത്താണ് പരിശോധന നടത്തിയത്. ഇരുവരും തളിപ്പറമ്പില്‍ മരപ്പണിക്കാരായി ജോലി ചെയ്യുന്നവരാണ്. വടകര സ്റ്റേഷനില്‍ ഒരാള്‍ക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇയാള്‍ വഴിയാണ് കഞ്ചാവ് വടകര മേഖലയില്‍ വിതരണം ചെയ്യുന്നതെന്നാണ് സംശയം. ഇയാളെ കണ്ടെത്താന്‍ എക്സൈസ് അന്വേഷണം തുടങ്ങി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍. ഹിരോഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ ഉപേന്ദ്രകുമാര്‍ അസി. ഇന്‍സ്പെക്ടര്‍ ടി.പി.ബിനീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.