സർപ്പ ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ടൊവിനോ തോമസ്

Share our post

തിരുവനന്തപുരം : ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു. ഈ കാലയളവിനുള്ളിൽ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്. സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തിൽ സർപ്പയുടെ ബ്രാൻ്റ് അംബാസഡറായി പങ്കു ചേർന്ന ടൊവിനോ തോമസിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സർപ്പയ്ക്ക് കൂടുതൽ പ്രചാരം നൽകാനും പാമ്പുകടിയിൽ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ക്യാമ്പയ്നിൽ എല്ലാവരും പങ്കു ചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ്‌ 2020 ആ​ഗസ്‌തിൽ വനംവകുപ്പ് സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റിവെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്‌. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 3,000ത്തോളം വളന്റിയർമാർ സർപ്പയ്‌ക്കുകീഴിലുണ്ട്‌. പാമ്പുകടിമൂലമുള്ള മരണം കുറയ്‌ക്കുന്നതിലും സർപ്പ വലിയ സംഭാവന നൽകി. 2019ൽ 130 പേർ കടിയേറ്റ് മരിച്ചപ്പോൾ 2023ൽ 40 ആയി ചുരങ്ങി. 2024ൽ ഇത്‌ 30ൽ താഴെയാണ്‌. സർപ്പ ആപ്പിനുകീഴിൽ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുമുണ്ട്‌. അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ മുഹമ്മദ് അൻവറാണ് സർപ്പ ആപ് സംസ്ഥാന നോഡൽ ഓഫീസർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!