ട്രെയിനില്‍ ഇനി എല്ലാവര്‍ക്കും ലോവര്‍ ബെ‍ര്‍ത്ത് കിട്ടില്ല; പുത്തൻ പ്രഖ്യാപനവുമായി ഇന്ത്യൻ റെയില്‍വേ

Share our post

ട്രെയിനിലെ സീറ്റ് വിഹിതത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. യാത്രക്കാരുടെ യാത്രാസുഖവും സൌകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകള്‍, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയില്‍വേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. ഇവർക്ക് അപ്പർ, മിഡില്‍ ബെർത്തുകള്‍ ലഭിക്കുമ്ബോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഓട്ടോമാറ്റിക് അലോട്ട്മെന്റ് വഴിയാകും ഇനി മുതല്‍ ലോവർ ബെർത്തുകള്‍ ലഭ്യമാക്കുക. ഇതിനായി ഒരു ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക് നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ. ഗർഭിണികള്‍, 45 വയസ്സോ അതില്‍ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർ, പ്രായമായവർ (60 വയസ്സും അതില്‍ കൂടുതലുമുള്ള പുരുഷ യാത്രക്കാർക്കും 58 വയസ്സും അതില്‍ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർക്കും) എന്നിവർക്ക് അവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും ലഭ്യത അനുസരിച്ച്‌ ഓട്ടോമാറ്റിക്കായി ലോവർ ബെർത്തുകള്‍ അനുവദിക്കും. യാത്രയ്ക്കിടെ ലോവർ ബെർത്തുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മുതിർന്ന പൌരൻമാർ, വികലാംഗർ, ഗർഭിണികള്‍ എന്നിവർക്ക് മുൻഗണന നല്‍കും. മുൻഗണനാ വിഭാഗത്തിലുള്ള യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയില്‍വേ വിവിധ ക്ലാസുകളിലായി ഒരു നിശ്ചിത എണ്ണം ലോവർ ബെർത്തുകള്‍ നീക്കിവെച്ചിട്ടുണ്ട്. സ്ലീപ്പർ ക്ലാസ് കോച്ചുകളില്‍, ഓരോ കോച്ചിലും 6 മുതല്‍ 7 വരെ ലോവർ ബെർത്തുകള്‍ ഈ വിഭാഗത്തിനായി നീക്കിവെച്ചിട്ടുണ്ട്. അതേസമയം, എയർ കണ്ടീഷൻഡ് 3 ടയർ (3AC) കോച്ചുകളില്‍, 4 മുതല്‍ 5 വരെ ലോവർ ബെർത്തുകളാണ് അനുവദിച്ചിരിക്കുന്നത്. എയർ കണ്ടീഷൻഡ് 2 ടയർ (2AC) കോച്ചുകളില്‍ 3 മുതല്‍ 4 വരെ ലോവർ ബെർത്തുകളും നീക്കിവെച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!