വയനാട് ദുരിതാശ്വാസം കേരളത്തില്‍ നിന്ന് ഫണ്ട് നല്‍കിയത് പത്ത് എം.പിമാര്‍ മാത്രം

വയനാട്: ദുരന്ത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്നുള്ള 10 എം.പിമാര്‍ മാത്രമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിന്ന് ലോകസഭയില്‍ 20, രാജ്യസഭയില്‍ 9, നോമിനേറ്റഡ് 2 എന്നിങ്ങനെ 31 എം.പിമാരാണുള്ളത്. ഇവരില്‍ ജോണ്‍ ബ്രിട്ടാസ് 1 കോടി, ഷാഫി പറമ്പില്‍, പി.പി സുനീര്‍, കെ രാധാകൃഷ്ണന്‍, ഡോ. വി ശിവദാസന്‍, എ.എ റഹീം, ജോസ് കെ മാണി, പി സന്തോഷ് കുമാര്‍ എന്നിവര്‍ 25 ലക്ഷം വീതം, എന്‍.കെ പ്രേമചന്ദ്രന്‍ 10 ലക്ഷം, പി.ടി ഉഷ 5 ലക്ഷം എന്നീ ക്രമത്തിലാണ് എം.പിമാര്‍ തങ്ങളുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്. വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും ഇതുവഴി രാജ്യത്തെ മുഴുവന്‍ എം.പിമാര്‍ക്കും മേപ്പാടി പുനര്‍ നിര്‍മ്മാണത്തിന് തുക അനുവദിക്കാവുന്നതാണെന്നും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള എം.പിമാര്‍ വയനാട് ദുരിതാശ്വാസത്തിനായി ലഭ്യമാക്കിയ തുക സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്ററി കാര്യ വകുപ്പില്‍ നിന്ന് ശേഖരിച്ചുവരുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.