കോളയാട് പഞ്ചായത്ത് ബജറ്റ്; പ്രകാശിത പൂർണ്ണ ഗ്രാമത്തിനും ഭവനരഹിതരില്ലാത്ത പഞ്ചായത്തിനും മുൻഗണന

കോളയാട്: പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും പ്രകാശ പൂർണ്ണമാക്കാനുംഎല്ലാ കുടുംബത്തിനും വീട് യാഥാർഥ്യമാക്കാനും ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് ബജറ്റ് . 26 കോടി 19 ലക്ഷം രൂപ വരവും 25 കോടി 62 ലക്ഷം രൂപ ചിലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, ശ്രീജ പ്രദീപൻ, പി.ഉമാദേവി, കെ.വി.ജോസഫ്, സിനിജ സജീവൻ, കെ.ശാലിനി, യശോദ വത്സരാജ്, പി.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ സംസാരിച്ചു.
പ്രകാശിത പൂർണ്ണ പഞ്ചായത്തെന്ന ലക്ഷ്യത്തിനായി നിലാവ് പദ്ധതിയിലുൾപ്പെടുത്തി പെരുന്തോടി ഈരായിക്കൊല്ലി, വായന്നൂർ പുതുശേരിപ്പൊയിൽ ആലച്ചേരി എടക്കോട്ട, ഇടുമ്പക്കുന്ന് ബാവ റോഡ്, കൊമ്മേരി,കറ്റിയാട്, നിടും പൊയിൽ കാട് രോഡ്, കോളയാട് ചോല, പുത്തലം കട്ടിലോറ, കോളയാട് വയൽ പാടിപ്പറമ്പ്, അങ്കണവാടി കോഴിമൂല, ആലപ്പറമ്പ്, പാലയാട്ടുകരി കരിഞ്ചവം, ചങ്ങലഗേറ്റ് പെരുവ എന്നീ റോഡുകളിൽ തെരുവിളക്കുകൾ സ്ഥാപിക്കാൻ 29 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന പദ്ധതിക്ക് ലൈഫ ഭവന പദ്ധതിക്ക് പുറമെ പിഎംഎവൈ വിഹിതമായി 96 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഉത്പാദന മേഖലയിൽ ഉണർവ് പകരാനും കർഷകരെ നിലനിർത്താനും 60 ലക്ഷം രൂപയും നീക്കിവെച്ചു.
മറ്റ് പ്രധാധ പ്രഖ്യാപനങ്ങൾ
പാലിയേറ്റീവ് പരിചരണത്തിനും ഉപകരണങ്ങൾ വാങ്ങാനും 16.5 ലക്ഷം
പകൽ വീട് സൗകര്യം മെച്ചപ്പെടുത്തൽ, വയോജന വിനോദയാത്ര, കലോത്സവം എന്നിവക്ക് ആറു ലക്ഷം
ഭിന്നഷേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്, കലോത്സവം എന്നിവക്ക് 16 ലക്ഷം
ഫുട്‌ബോൾ അക്കാദമി, കളരിപ്പയറ്റ് പരിശീലനം, കേരളോത്സവം എന്നിവക്ക് അഞ്ച് ലക്ഷം
പ്രാഥമികാരോഗ്യകേന്ദ്രം നവീകരണം, സബ് സെന്ററുകളുടെ നവീകരണം, സൗന്ദര്യവത്കരണം എന്നിവക്ക് 36 ലക്ഷം
വിദ്യാഭ്യാസ മേഖലക്ക് 24 ലക്ഷം
റിംഗ് കമ്പോസ്റ്റ് വിതരണം, മത്സ്യമാർക്കറ്റ് നവീകരണം എന്നിവക്ക് 21 ലക്ഷം
ഉന്നതികളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം, വിവാഹംഎന്നിവക്ക് 21 ലക്ഷം
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി 74 ലക്ഷം
വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം എന്നിവയും ബജറ്റിൽ വകയിരുത്തി.