കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ച പ്രതി റിമാൻഡിൽ

കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സുരക്ഷാജീവനക്കാരൻ കെ. പവനനെ (56) ആക്രമിച്ച കേസിലെ പ്രതി പള്ളിപ്രം സീനത്ത് മൻസിലിലെ മുഹമ്മദ് ദിൽഷാദിനെ (25) സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യസേവന സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണം തടയുന്ന നിയമത്തിലെ വകുപ്പ് നാല്, ബിഎൻഎസിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആസ്പത്രി സംരക്ഷണനിയമം വകുപ്പ് നാല് പ്രകാരം ആറുമാസംമുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.
മനപ്പൂർവം ആക്രമിച്ച് പരിക്കേൽപിച്ചു, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞു, ജോലിയിൽ തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. ആസ്പത്രിയിലെ അതിക്രമങ്ങൾക്കും വാക്കാലുള്ള അധിക്ഷേപത്തിനും ശിക്ഷ ഉറപ്പാക്കുന്നതിനാണ് 2023-ൽ ആസ്പത്രി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തിയത്. സിറ്റി പോലീസ് സ്റ്റേഷൻ ഓഫീസർ കെ. സനിൽ കുമാർ, എസ്ഐ ധന്യാ കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിന് ഇടയാക്കിയ സംഭവം. ആസ്പത്രിയിലെത്തിയ ദിൽഷാദിനോട് വാർഡിലേക്ക് പോകണമെങ്കിൽ സന്ദർശക പാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് ജീവനക്കാരനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. തറയിൽ വീണ് വിരലിന് പരിക്കേറ്റ പവനൻ അവധിയിലാണ്.