ഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 183 കുട്ടികള്‍

Share our post

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 183 കുട്ടികളും. ഇതുവരെ 436 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 183 പേര്‍ കുട്ടികളാണ്. 125 പുരുഷന്‍മാരും 95 സ്ത്രീകളും 34 വയോധികരുമാണ്. അതേസമയം, വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ് നേതാവായ താഹിര്‍ അല്‍ നോനോ അറിയിച്ചു. ഇരുകൂട്ടരും ഒപ്പിട്ട കരാര്‍ നിലനില്‍ക്കെ പുതിയ കരാര്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസയിലെ ആക്രമണം തുടക്കമാണെന്നും കൂടുതല്‍ ആക്രമണങ്ങളുണ്ടാവുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി. എന്നാല്‍, ഗസയിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് നിരവധി ജൂതന്‍മാര്‍ നെതന്യാഹുവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു. നെസെറ്റിന് സമീപത്ത് നിന്നു റാലിയായാണ് ഇവര്‍ നെതന്യാഹുവിന്റെ വീടിന് സമീപത്തേക്ക് എത്തിയത്. വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ചുനില്‍ക്കുക, ഗസയില്‍ തടവിലുള്ളവരെ തിരിച്ചുകൊണ്ടുവരുക, രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെത്തിന്റെ മേധാവിയെ പുറത്താക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഫാഷിസത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും പോരാടണമെന്നും സമരക്കാര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!