വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി: കൊല്ലത്ത് യുവാക്കൾ അറസ്റ്റിൽ, 38 കഞ്ചാവ് ചെടികൾ കണ്ടെത്തി

കൊല്ലം : വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയ യുവാക്കൾ അറസ്റ്റിൽ. ഓച്ചിറ സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 കഞ്ചാവ് ചെടികളും കണ്ടെത്തി. ഇവരിൽ നിന്നും 10 കിലോ കഞ്ചാവും പിടികൂടി. മനീഷ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൂട്ടുപ്രതി അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളർത്തുകയായിരുന്നു. 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. വീട്ടിൽ വളർത്തുന്ന വിദേശയിനം നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.