പുതുക്കണോ ഒഴിവാക്കണോ; 15 വര്‍ഷം പിന്നിട്ട വാഹനത്തിന്റെ റിന്യൂവൽ ഫീസ് കേന്ദ്രം എട്ടിരട്ടിയാക്കുന്നു

Share our post

പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽ നിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും ആക്കാനാണ് കരട് വിജ്ഞാപനം. തുക വർധിപ്പിച്ചുള്ള ഉത്തരവ് മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. കേന്ദ്ര മോട്ടോർവാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമാണ് വർധിപ്പിച്ചത്.

എന്നാൽ അത് ഹൈക്കോടതി മരവിപ്പിച്ചു. അതിനാൽ നിലവിൽ തുക വാങ്ങുന്നില്ല. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ ഈ വർധന നിലവിൽവരുമെന്നാണ് സൂചന. നിലവിൽ 15 വർഷം കഴിഞ്ഞുള്ള വാഹനങ്ങൾ പുതുക്കുമ്പോഴും വിൽപ്പന നടത്തുമ്പോഴും മോട്ടോർവാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. ‘കോടതി സ്റ്റേ ഉള്ളതിനാൽ നിലവിൽ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാൽ വർധിപ്പിച്ച തുക നൽകാൻ ബാധ്യസ്ഥനാണ്’- എന്നാണ് എഴുതി വാങ്ങിക്കുന്നത്.

15 വർഷം പഴക്കമുള്ള ഇരുചക്ര, സ്വകാര്യ നാലുചക്ര വാഹനങ്ങൾ പുതുക്കുേന്പാൾ റോഡ് നികുതി കൂട്ടുമെന്ന് സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ നിലവിൽ നൽകുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നൽകണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കൽ ഫീസും വരുന്നതോടെ പഴയ വാഹനങ്ങൾ റോഡിൽനിന്ന് മായുമെന്നാണ് കണക്ക് കൂട്ടുന്നത്.

15 വർഷത്തിനുശേഷം അഞ്ചുവർഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത്. അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം നല്ലൊരു തുക ചെലവഴിച്ചാണ് ഉടമ അത് പുതുക്കാനായി ഹാജരാക്കേണ്ടത്.

മിനുക്കിയ ഇരുചക്രവാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ രജിസ്ട്രേഷൻ പുതുക്കുമ്പോൾ റോഡ് നികുതി 1350 രൂപ അടയ്ക്കണം. നിലവിൽ 900 രൂപയാണ്. കാറുകൾക്ക് അതിന്റെ ഭാരത്തിനനുസരിച്ച് നിലവിലുള്ള തുകയുടെ പകുതി വില കൂടി അധികം നൽകണം. 6400 രൂപയാണ് അടക്കുന്നതെങ്കിൽ 9600 രൂപയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!