കണ്ണൂർ, അഴീക്കോട് മണ്ഡലം പട്ടയ അസംബ്ലി 22ന്

കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 11ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ചിറക്കല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.വി സുമേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ അഴീക്കോട് നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി നടത്തും. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭാ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യൂ ടീം പങ്കെടുക്കും. ഓരോ വാര്‍ഡിലും പട്ടയം കിട്ടാന്‍ അവശേഷിക്കുന്നവരുടെ വിവരങ്ങള്‍, പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍, പട്ടയം ലഭ്യമാകേണ്ട പ്രത്യേക പ്രദേശം, പരിഹരിക്കേണ്ട വിഷയങ്ങള്‍ എന്നിവ പരിഗണിക്കും. അതിദരിദ്ര വിഭാഗങ്ങള്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മനസ്സോടിത്തിരി മണ്ണ് പദ്ധതി വഴിയോ മറ്റു മാര്‍ഗങ്ങള്‍ മുഖേനയോ ഭൂമി കണ്ടെത്താനും പട്ടയം അനുവദിക്കാനുമുള്ള നടപടകളും ചര്‍ച്ചയാകും.