എല്ലാ ആദിവാസികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും, സമ്പൂർണ പോളിംഗ് ഉറപ്പാക്കും

Share our post

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും 18 വയസ്സിനുമേൽ പ്രായമുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി, വരും തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പോളിംഗ് ഉറപ്പാക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം. അട്ടപ്പാടിയിലെ വിദൂര പ്രാക്തന ഗോത്ര ഊരായ ഗൊട്ടിയാർക്കണ്ടി ഊരിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ ആളുകളെയും കണ്ടെത്തി വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതോടെ സംസ്ഥാനത്ത് 7 ആദിവാസി ഊരുകളിൽ 18 വയസ്സ് കഴിഞ്ഞ മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനായി.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് അട്ടപ്പാടിയിലെ ഏഴ് പ്രാക്തന ഗോത്ര ഊരുകളെ ദത്തെടുത്ത് അവയെ സമ്പൂർണ വോട്ടർ ഉന്നതികളാക്കി മാറ്റിയത്. അഗളി ഐ. എച്ച്. ആർ. ഡി കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ഇ.എൽ.സി.) നേതൃത്വത്തിലാണ് ഈ ചരിത്ര ദൗത്യം പൂർത്തിയാക്കിയതെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.

മേലെ മൂലക്കൊമ്പ്, ഇടവാണി, മേലെ ഭൂതയാർ, മേലെ തുടുക്കി, ഗലസി, താഴെ തുടുക്കി, ഗോട്ടിയാർക്കണ്ടി എന്നീ പ്രാക്തന ഗോത്ര ഊരുകളിലെ 18 വയസ്സിനുമേൽ പ്രായമുള്ള മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ഇതിന്റെ പ്രധാന നേട്ടം. ഇതോടെ കേരളത്തിലെ ആദ്യ സമ്പൂർണ പ്രാക്തന ഗോത്ര വോട്ടർ ഊരായി മേലെ മൂലക്കൊമ്പ് മാറി. വോളണ്ടിയർമാർ ഏഴ് മണിക്കൂറോളം കൽനടയായി യാത്ര ചെയ്ത് മേലെ തുടുക്കിയിലെത്തി രാത്രി ക്യാമ്പ് ചെയ്താണ് വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഊരുകളിൽ മാതൃഭാഷയായ കുറുമ്പ ഭാഷയിൽ തിരഞ്ഞെടുപ്പ് അവബോധന പരിപാടിയായ ‘ചുനാവ് പാഠശാല’ യും സംഘടിപ്പിച്ചു. വോട്ടർ പട്ടിക അപ്ഡേഷൻ, തെറ്റുതിരുത്തൽ, ആഡ്രസ് മാറ്റം തുടങ്ങിയ സേവനങ്ങളും ഊരുകളിൽ നേരിട്ട് എത്തി പൂർത്തീകരിക്കാനായത് നേട്ടമായെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.

അട്ടപ്പാടി ഊരുകളിലെ ആയിരക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കാൻ ഈ പ്രവർത്തനങ്ങൾ വഴി കഴിഞ്ഞു. ഇതിൽ 2141 പേർ പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽപ്പെടുന്ന ഇരുളർ, കാടർ എന്നി ആദിവാസി വിഭാഗങ്ങളാണ്. കൂടുതൽ ആദിവാസി സമുദായങ്ങളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കാനും പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ കൂടാതെ ആദിവാസി ഊരുകളിലെ ജനങ്ങളുടെ ഉന്നമനത്തിനായുള്ള മറ്റു കർമപദ്ധതികളും ഇ.എൽ.സി. കളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഊരുകളിലെ ജനങ്ങളെ ജനാധിപത്യത്തിലേക് കൂടുതൽ ആകർഷിക്കാനും അവരുടെ വോട്ടവകാശം ഉറപ്പാക്കാനും ഇത്തരം പ്രചാരണങ്ങൾ വലിയ സഹായമാകുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!