കേരളം പിടിച്ചുകെട്ടുന്നു ; ലഹരി മാഫിയക്കെതിരെ പോരാട്ടം

തിരുവനന്തപുരം : അന്താരാഷ്‌ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളിലെ മുഖ്യ കണ്ണികളെയടക്കം പിടികൂടി കേരളം ലഹരി മാഫിയയോട് പോരാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ, ഒരു പ്രത്യേക രാഷ്‌ട്രീയം അതിനോട് കണ്ണടയ്‌ക്കുന്നു. അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയും ചില വൻകിട പാർടികളുടെ തെരഞ്ഞെടുപ്പുഫണ്ടും തമ്മിൽ വലിയ ബന്ധമുണ്ട്. കപ്പലിലും വിമാനത്തിലും വൻതോതിൽ മയക്കുമരുന്ന് വന്നിറങ്ങുന്നത് അറിഞ്ഞില്ലെന്ന് രാജ്യരക്ഷാ ചുമതലകൂടിയുള്ള ഭരണാധികാരികൾക്ക് എങ്ങനെ പറയാനാകും.കൊച്ചിയിൽ 2023 മേയിൽ 2,500 കിലോ മയക്കുമരുന്ന് പിടിച്ചു. 2024 ഫെബ്രുവരിയിൽ ഗുജറാത്തിൽ 3,300 കിലോ പിടിച്ചു. നവംബറിൽ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്തോടുചേർന്ന് 6,000 കിലോ പിടികൂടി. ഈ നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ തടയേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്.
കേരളത്തിലെ പൊലീസും എക്‌സൈസും മാതൃകാപരമായാണ് ഇടപെടുന്നത്. സുപ്രീംകോടതിയിൽപോയി ജാമ്യം റദ്ദാക്കിയാണ് തമിഴ്‌നാട്ടിൽനിന്ന് ഒരു പ്രതിയെ അറസ്റ്റ്ചെയ്‌തത്. ആൻഡമാനിൽ പോയി 100 കോടി രൂപയുടെ രാസലഹരി പി ടിച്ചു.അന്തർ സംസ്ഥാന ലഹരിക്കടത്ത് തലവനെ വലയിലാക്കിയത് ഒഡിഷയിൽനിന്ന്. മയക്കുമരുന്ന് നിർമാണശാലയുടെ ഉടമയായ ശതകോടീശ്വരനെയാണ് ഹൈദരാബാദിൽ അറസ്റ്റ്‌ചെയ്‌ത. ടാൻസാനിയക്കാരനും അറസ്റ്റിലായി. മയക്കുമരുന്നു കേസിൽ ഏറ്റവുമധികംപേർ ശിക്ഷിക്കപ്പെടുന്നതും ഇവിടെ. ദേശീയ ശരാശരി 78 ശതമാനമെങ്കിൽ ഇവിടെ 99. കേസുകളിൽ പ്രതിയായ 108 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. തെറ്റ് ചെയ്‌തവരെ നമ്മുടെ പൊലീസല്ലേയെന്നുകരുതി സംരക്ഷിക്കില്ല–- ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
കരിപൂശാൻ നിന്നവർ കരിയിൽവീണു
എൽഡിഎഫ് സർക്കാരിനുമേൽ കരിപൂശാൻനിന്നവർ കരിയിൽ കുളിച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുളിച്ചുവന്നവന്റെ മുഖത്ത് തെറിപ്പിക്കാൻകൊണ്ടുവന്ന ടാർ അതുമായി വന്നവന്റെ മുഖത്തുവീഴുന്നതാണ് തുടർച്ചയായി കാണുന്നത്. വാളയാർ സംഭവം, എ കെ ജി സെന്ററിനുനേരെയുള്ള ആക്രമണം, സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത് തുടങ്ങി വിവിധ ആരോപണങ്ങൾ ഉന്നയിച്ചവർ ചിലത് കോടതിയിലേക്കും കൊണ്ടുപോയി. അവ കോടതി ചവറ്റുകൊട്ടയിലെറിഞ്ഞു–- ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.വാളയാർ കേസിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ഒരാളെ തോളിലേറ്റി സ്ഥാനാർഥിയാക്കി. കേരളത്തിലാകെ കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചു. ഒടുവിൽ അയാൾതന്നെ പ്രതി യായി.സർക്കാരിനെ താറടിച്ചുകാണിക്കാൻ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നു. ആരോപണമുന്നയിക്കുക, വസ്‌തുത ഇല്ലെന്ന് വരുമ്പോൾ ഒളിച്ചോടുക.
പിന്നാലെ മറ്റൊരു ആരോപണവുമായി രംഗപ്രവേശം ചെയ്യുക, ഇല്ലാത്ത ഉപകഥകൾ രചിച്ച് ചർച്ച നടത്തുക എന്നത് പതിവാക്കുന്നു. ഒരു ഘട്ടത്തിൽ ഹൈക്കോടതി പറഞ്ഞത്, ആരോപണങ്ങൾക്കുപിന്നിൽ ‘പബ്ലിക് ഇന്ററസ്റ്റല്ല, പബ്ലിസിറ്റി ഇന്ററസ്റ്റാണ്’ എന്നാണ്. യു.ഡി.എഫിന്റെ നനഞ്ഞ പടക്കങ്ങളുടെ നീണ്ടനിരയുണ്ട്. എൽ.ഡി.എഫിനെതിരെ നിസ്സാരകാര്യങ്ങൾപോലും വാർത്തയാക്കാൻ വെമ്പൽകൊള്ളുന്ന മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായം യു.ഡി.എഫിനും ബിജെപിക്കുമുണ്ട്. ഒമ്പതു വർഷമായി ആരോപണങ്ങളുയർത്തിയിട്ടും സർക്കാർ കൂടുതൽ തിളക്കത്തോടെ, പത്തരമാറ്റോടെ തിളങ്ങിത്തന്നെ നിൽക്കും.തെറ്റ് തുറന്നുസമ്മതിച്ച് പരസ്യമായി ഖേദപ്രകടനം നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്. മിനിമം അതെങ്കിലും ചെയ്‌താലേ ജനങ്ങൾക്കുമുന്നിൽ വിശ്വാസ്യത ഉണ്ടാകൂ. എന്നാൽ, വിശ്വാസ്യത വീണ്ടെടുക്കുക എന്നത് പ്രതിപക്ഷത്തിന്റെ അജൻഡയിലില്ല–- മുഖ്യമന്ത്രി പറഞ്ഞു.