ഭക്ഷണപ്രിയംകാട്ടി മലയാളി; ഈ സാമ്പത്തിക വർഷം തുടങ്ങിയത് 9044 കടകൾ

ഭക്ഷണവും മലയാളികളും തമ്മിലുള്ള ബന്ധം ലോകപ്രശസ്തമാണ്. ആ പെരുമയ്ക്ക് മാറ്റുകൂട്ടാകുന്നവണ്ണം ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയത് 9,044 ഭക്ഷണശാലകൾ. 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 16 വരേയുള്ള കണക്കാണിത്.സേവനമേഖലയിൽ തുടങ്ങിയ സംരംഭങ്ങളുടെ കണക്കാണിത്. ഫാസ്റ്റ് ഫുഡ്, ബിരിയാണി-മന്തി കേന്ദ്രങ്ങൾ, നാടൻ ഭക്ഷണശാലകൾ, കഫേ, പലഹാരക്കടകൾ തുടങ്ങിയ വിവിധ വിഭാഗത്തിലാണിവ. ഇതിലൂടെ 587 കോടി രൂപയുടെ നിക്ഷേപവും 26,266 പേർക്ക് തൊഴിലും കിട്ടി.
ടൈലറിങ്, വസ്ത്രരൂപകല്പന, ആഭരണക്കടകൾ എന്നിവയാണ് പട്ടികയിൽ രണ്ടാമത്. 6,045 പുതിയ സംരംഭങ്ങളിലൂടെ 130.38 കോടി രൂപയുടെ നിക്ഷേപവും 8,970 പേർക്ക് ജോലിയും ഈ രംഗത്തുണ്ടായി.ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളി ജിം, ആരോഗ്യ സംരക്ഷണം, ആയോധനമുറ പരിശീലനം, യോഗ വിഭാഗത്തിലും കരുത്തുകാട്ടിയിട്ടുണ്ട്. 5,330 കേന്ദ്രങ്ങളിലൂടെ 11,556 പേർക്ക് വരുമാനമാർഗമൊരുക്കി. ഓട്ടോമൊബൈൽ, കോച്ചിങ് സെന്റർ, ഇവന്റ് മാനേജ്മെന്റ്-മീഡിയ എന്നീ വിഭാഗങ്ങളിൽ ഓരോന്നിലും രണ്ടായിരത്തിലധികം സ്ഥാപനങ്ങളും ഇക്കാലയളവിൽ തുടങ്ങിയിട്ടുണ്ട്.