105 രൂപ പിഴയടയ്ക്കാൻ ചെലവ് 5000 രൂപ; ഇടനിലക്കാരെ വളർത്തി ‘വാഹൻ’ സോഫ്റ്റ്‌വേർ

Share our post

തിരുവനന്തപുരം: 105 രൂപ പിഴയടയ്ക്കാൻ വാഹന ഉടമകൾക്ക് ചെലവാകുന്നത് 5,000 രൂപയിലേറെ. 2018-20-ൽ ചെക്പോസ്റ്റുകളിൽ യൂസർഫീ ഈടാക്കുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച പിഴവാണ് വർഷങ്ങൾക്കുശേഷം വാഹന ഉടമകളെ വലയ്ക്കുന്നത്. പിഴ അടയ്ക്കുന്നതിലെ സങ്കീർണമായ നടപടിക്രമങ്ങൾകാരണം വാഹന ഉടമകൾ ഇടനിലക്കാർ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ നിർബന്ധിതരാകുകയാണ്.അതിർത്തികടന്നുപോയ 80 ശതമാനം ടാക്‌സി, ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും പിഴകാരണം സേവനവിലക്കുണ്ട്. പഴയ കരിമ്പട്ടികയുടെ പുതിയ രൂപമാണിത്. ഇത് നീക്കം ചെയ്യണമെങ്കിൽ ആ കാലയളവിൽ വാഹനം രജിസ്റ്റർ ചെയ്ത ഓഫീസിനെ (മദർ ഓഫീസ്) സമീപിക്കണം. മിക്ക വാഹനങ്ങളും ഉടമസ്ഥാവകാശം കൈമാറി മറ്റു സ്ഥലങ്ങളിലായിരിക്കും. മദർ ഓഫീസിലെത്തി യൂസർ നെയിമും പാസ്‌വേഡും വാങ്ങിയാൽ മാത്രമേ ഓൺലൈനിൽ പിഴയടയ്ക്കാനാകു. ശേഷം രശീതി ഹാജരാക്കി വിലക്ക് മാറ്റിയെടുക്കണം.

നേരത്തേ പിഴത്തുക ഓൺലൈനിൽ അടച്ച് ഫോണിൽ വിവരം അറിയിച്ചാൽ വിലക്ക് നീക്കുമായിരുന്നു. അടുത്തയിടെ ‘വാഹൻ’ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചപ്പോൾ വിലക്ക് അതത് ഓഫീസുകളിൽനിന്ന്‌ നേരിട്ട് നീക്കം ചെയ്യുന്ന വിധത്തിലാക്കി. ഇതാണ് ഇടനിലക്കാർക്ക് അവസരമായത്.ഇതോടെ നികുതി കണക്കാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവിന് വർഷങ്ങൾക്കുശേഷം വാഹന ഉടമ ‘വൻപിഴ’ നൽകേണ്ട സ്ഥിതിയാണ്. ഒരുലക്ഷം രൂപവരെ വീണ്ടും അടയ്ക്കേണ്ടി വന്നവരുണ്ട്.ഫിറ്റ്‌നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ ഏതെങ്കിലും സേവനങ്ങൾക്ക് ഫീസ് അടയ്ക്കുമ്പോഴാകും സേവനവിലക്കുള്ള കാര്യം വാഹന ഉടമ അറിയുക. അപേക്ഷ റദ്ദാക്കിയാലേ വിലക്ക് മാറ്റാനാകൂ. ഇതോടെ അടച്ച ഫീസും നഷ്ടമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!