പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി: രണ്ടാം ഘട്ടത്തിന് ഭരണാനുമതിയായി

Share our post

കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചുവെന്ന് കെ.വി സുമേഷ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് എന്‍.ഐ.ടി നടത്തിയ പരിശോധനയ്ക്ക് ശേഷം സമര്‍പ്പിച്ച സേഫ്റ്റി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് 4,27,98,673 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി ഫ്ളോട്ടിങ് റെസ്റ്റോറന്റുകള്‍ ആരംഭിക്കുവാനുള്ള ടെണ്ടറുകള്‍ ഒരാഴ്ചയ്ക്കകം പുറത്തിറക്കും.

താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം, ഫയര്‍ഫോഴ്‌സ്,  തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജ്, കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ്, തുറമുഖ വകുപ്പ് തുടങ്ങിയവയും പുല്ലൂപ്പിക്കടവില്‍ പരിശോധന നടത്തിയിരുന്നു. പദ്ധതിക്ക് മന:പൂര്‍വമായ കാലതാമസം ഉണ്ടായിട്ടില്ലന്നും വിദഗ്ധ ഏജന്‍സികളുടെ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിക്കേണ്ടതുകൊണ്ടാണ് വൈകിയതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

2023 സെപ്റ്റംബറിലാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ വാക്ക് വേ, ഇരിപ്പിട സൗകര്യങ്ങള്‍, ടോയ്ലറ്റ് എന്നിവ പുല്ലൂപ്പിക്കടവില്‍  സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയിട്ടുണ്ട്. തറക്കല്ലിട്ട് ഒരു വര്‍ഷത്തിനകമാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനം മുതല്‍ 2025 ഫെബ്രുവരി 28വരെ 62000 ലധികം പേര്‍ പുല്ലൂപ്പിക്കടവ് വിനോദ സഞ്ചാരകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.

12,33,210 രൂപയാണ് ഇക്കാലയളവിലെ വരുമാനം. ഏപ്രിലില്‍ തന്നെ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റെസ്റ്റോറന്റ് നടത്തിപ്പിന് പരിചയവും വൈദഗ്ധ്യവുമുള്ളവര്‍ ടെണ്ടറില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വരണമെന്നും എം.എല്‍.എ പറഞ്ഞു.

കണ്ണൂര്‍ ജില്ലയുടെയും മലബാര്‍ മേഖലയുടെയും വിനോദസഞ്ചാരമേഖയ്ക്ക് മുതല്‍ക്കൂട്ടാകും ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശനും  പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!