നീർ നിറഞ്ഞ് കണ്ണവം വനം; വന്യജീവികൾക്ക് കുടിവെള്ളമൊരുക്കാൻ പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് വനംവകുപ്പ്

Share our post

കടുത്ത വേനലിൽ നീരുറവകൾ വറ്റിയതോടെ കണ്ണവം വനത്തിൽ വന്യജീവികൾക്ക് പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് കുടിവെള്ളം ഒരുക്കി വനംവകുപ്പ്. ആവാസ വ്യവസ്ഥയിൽ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലാണ് കുടിവെള്ള സംവിധാനം ഒരുക്കിയത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തെ പദ്ധതിയാണിത്.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം റേഞ്ചിലെ കണ്ണവം, നെടുംപൊയിൽ സെഷനുകളിൽ ഉൾപ്പെട്ട നീർച്ചാലുകൾ പുനർജീവിപ്പിച്ച് കല്ലുരുട്ടിത്തോട്, ചെന്നപ്പോയിൽ തോട്, സെറാമ്പിപ്പുഴ എന്നിവയിൽ പത്തോളം ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു. വേനൽ കടുത്തതോടെ വനത്തിനുള്ളിലെ മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുകയും വെള്ളം തേടി കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയുകയുമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.കണ്ണവം, നെടുംപൊയിൽ സെക്ഷൻ ജീവനക്കാരും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും പൊതുജനങ്ങളുമടക്കം എഴുപതോളം പേർ പ്രവർത്തനത്തിൽ പങ്കാളികളായി. 15 ദിവസം കൊണ്ടാണ് പത്ത് സ്ഥലങ്ങളിലായി കുളങ്ങൾ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടയോട് ഭാഗത്ത് നീരുറവകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!