പൊതുവിതരണം കാര്യക്ഷമമാക്കുക ലക്ഷ്യം; 3872 റേഷൻകടകൾ പൂട്ടാൻ ശുപാർശ

Share our post

തിരുവനന്തപുരം: പൊതുവിതരണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ 3872 റേഷൻകടകൾ പൂട്ടാൻ ശുപാർശ. റേഷൻവ്യാപാരികളുടെ വേതനപരിഷ്കരണമടക്കമുള്ള പ്രശ്നം പഠിക്കാൻ നിയോഗിച്ച റേഷനിങ്‌ കൺട്രോളർ കെ. മനോജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടേതാണ് നിർദേശം. 13872 റേഷൻകടകളാണ് സംസ്ഥാനത്തുള്ളത്. ഒരു കടയിൽ പരമാവധി 800 കാർഡുകൾ എന്നനിലയിൽ ക്രമീകരിച്ചാൽ കടകളുടെ എണ്ണം 10,000 ആക്കി കുറയ്ക്കാം. ഇങ്ങനെ കുറച്ചാൽ റേഷൻ വ്യാപാരികൾക്ക് കൂടുതൽ കമ്മിഷൻ ലഭിക്കും.തെക്കൻ ജില്ലകളിൽ റേഷൻകടകളുടെ എണ്ണം കൂടുതലാണ്. 15 ക്വിന്റലിൽ താഴെ ഭക്ഷ്യധാന്യം വിൽക്കുന്ന 85 റേഷൻകടകൾ സംസ്ഥാനത്തുണ്ട്. അവ തുടരണമോയെന്നു പരിശോധിക്കണം. ഒരു ലൈസൻസിയുടെ അധികച്ചുമതലയിൽ പ്രവർത്തിക്കുന്ന മറ്റു കടകളെ ലയിപ്പിച്ച് ഒന്നാക്കണം.

സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ മുൻഗണനാവിഭാഗങ്ങൾക്ക് റേഷൻ നൽകാൻ കേന്ദ്രസഹായമില്ല. പദ്ധതീതര വിഹിതത്തിൽ നിന്നാണ് ഇതിനു റേഷൻവ്യാപാരികൾക്കു കമ്മിഷൻ നൽകുന്നത്.റേഷൻകടകൾ പൂട്ടിക്കൊണ്ടല്ല, വ്യാപാരികളുടെ വേതനം വർധിപ്പിക്കേണ്ടതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും പറഞ്ഞു.

റേഷൻകടകൾ ലാഭത്തിലാക്കാൻ

സ്ഥലസൗകര്യമുള്ള എല്ലാ റേഷൻകടകളും കെ-സ്റ്റോറുകളാക്കണം.

* കെ-സ്റ്റോർ ഇടവേളകളില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകണം.

* പാല്, മുട്ട, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൊതുവിപണിയെക്കാൾ വിലകുറച്ചുവിൽക്കുന്ന കേന്ദ്രങ്ങളായി റേഷൻകടകളെ മാറ്റണം.

* കെ-സ്റ്റോറുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കണം.

* പ്രാദേശിക കാർഷിക-മലഞ്ചരക്ക് ഉത്‌പന്നങ്ങൾ, മൂല്യവർധിത ഉത്‌പന്നങ്ങൾ എന്നിവയും വിൽക്കാനാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!