ഒത്തുതീര്‍പ്പിന്റെപേരില്‍ പോക്സോ കേസ് റദ്ദാക്കാനാകില്ല- ഹൈക്കോടതി

Share our post

കൊച്ചി: പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ ഒത്തുതീർപ്പിന്റെ പേരില്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.കോഴിക്കോട് സ്വദേശി ഡോക്ടർ പി.വി. നാരായണൻ ഫയല്‍ ചെയ്ത ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയാണ് ഡോക്ടർ.2016-ല്‍ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്കുനേരേയാണ് ലൈംഗികാതിക്രമമുണ്ടായത്. ചൈല്‍ഡ് ലൈൻ കൗണ്‍സിലർക്ക് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഡോക്ടർ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നായിരുന്നു മൊഴി.

എന്നാല്‍, ഇത് തെറ്റാണെന്നും പെണ്‍കുട്ടി തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഹർജിയിലെ വാദം. ആദ്യമൊഴിക്ക് വിരുദ്ധമായ സത്യവാങ്മൂലവും പെണ്‍കുട്ടിയുടേതായി കോടതിയില്‍ കഴിഞ്ഞവർഷം ഫയല്‍ചെയ്തു.എന്നാല്‍, പ്രോസിക്യൂഷൻ രേഖകളില്‍ നിന്ന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമാകുമ്പോള്‍ ഇരയുടെ മറിച്ചുള്ള മൊഴി കേസ് റദ്ദാക്കാൻ കാരണമല്ലെന്ന് കോടതി വിലയിരുത്തി. മാത്രമല്ല 2018-ല്‍ കേസ് റദ്ദാക്കാനായി ഫയല്‍ചെയ്ത കേസില്‍ 2024-ല്‍ മാത്രമാണ് പെണ്‍കുട്ടിയുടെ സത്യവാങ്മൂലം നല്‍കിയതെന്നതും കോടതി കണക്കിലെടുത്തു. കോഴിക്കോട് പോക്സോ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിചാരണ വേഗത്തില്‍ പൂർത്തിയാക്കാൻ കോടതി നിർദേശംനല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!