സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് അറ്റകുറ്റപ്പണിക്ക് പദ്ധതി നടപ്പാക്കാൻ നിർദേശം

Share our post

പഞ്ചായത്തുകളില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് അറ്റകുറ്റപ്പണിക്ക് പദ്ധതി നടപ്പാക്കണമെന്ന് വന മേഖലയോട് ചേര്‍ന്ന പഞ്ചായത്ത് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കലക്ടറേറ്റില്‍ ചേർന്ന പ്രത്യേക യോഗം നിർദേശം നൽകി. ആന മതില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി സംബന്ധിച്ചു.വനമേഖലയിലെ ആവാസ വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണെന്ന് യോഗം വിലയിരുത്തി. വന മേഖലയിലൂടെയുള്ള രാത്രി സമയങ്ങളിലെ അനാവശ്യ യാത്രകളും പുഴയോരത്തുള്ള താമസവും ഒഴിവാക്കണം. ഇത് നിരീക്ഷിക്കാന്‍ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പെട്രോളിങ് വേണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.

തോട്ടം വനമേഖലയിലെ അടിക്കാടുകള്‍ നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണം. പുറം നാടുകളില്‍ നിന്ന് വന്ന് സ്ഥലം വാങ്ങി പോകുന്നവരുടെ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകണം. കാടുകള്‍ വെട്ടിതെളിക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കാനാകുമോ എന്ന കാര്യം ആലോചിക്കാന്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആന, കാട്ടുപന്നി, കുരങ്ങ്, മലണ്ണാന്‍ മുതലായ ജീവികളുടെ കടന്നുവരവ് പ്രതിരോധിക്കാനും കൃഷി സംരക്ഷിക്കാനും നടപടികള്‍ ഉണ്ടാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാട്ടുപന്നിയെ വെടിവെക്കുന്നതിന് ലൈസന്‍സ് നൽകാൻ കാലതാമസം ഉണ്ടാകുന്നതായി പ്രസിഡന്റുമാര്‍ ശ്രദ്ധയില്‍പ്പെടുത്തി. രേഖകള്‍ സമര്‍പ്പിച്ചാല്‍ എത്രയും വേഗം ഇക്കാര്യം പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കണിച്ചാര്‍, കൊട്ടിയൂര്‍, കേളകം, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഡി.എഫ്.ഒ എസ് വൈശാഖ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതി, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, വിവിധ തദ്ദേശസ്വയം ഭരണസ്ഥാനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!