സംഭരണശാലകളിലെ പച്ചരി പൂര്‍ണമായും റേഷന്‍കടകളിലേക്ക്; മാര്‍ച്ച് 31-നകം സ്‌റ്റോക്ക് തീര്‍ക്കണം

Share our post

സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഇനി ഒരുമാസം പച്ചരിക്കാലം. സപ്ലൈകോയുടെ സംഭരണശാലകളില്‍ (എന്‍.എഫ്.എസ്.എ.) കെട്ടിക്കിടക്കുന്ന മുഴുവന്‍ പച്ചരിയും മാര്‍ച്ച് 31നകം റേഷന്‍കടകളിലൂടെ വിതരണംചെയ്യാന്‍ പൊതുവിതരണവകുപ്പ് നിര്‍ദേശം നല്‍കി. സമ്പുഷ്ടീകൃതമല്ലാത്ത ഇനം പച്ചരിയുടെ സ്റ്റോക്കാണ് സംഭരണശാലകളില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കേണ്ടത്.വിതരണത്തിന് ആവശ്യമെങ്കില്‍ കൂടുതല്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതിനും പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റോക്കുള്ള പച്ചരി കടകളിലേക്ക് എത്തിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ഉറപ്പാക്കണം.

എന്‍.എഫ്.എസ്.എ. സംഭരണശാലാ മാനേജര്‍മാരും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സപ്ലൈകോയുടെ 56 സംഭരണശാലകളിലും അധികപച്ചരി സ്റ്റോക്കുള്ളതായാണ് സൂചന.നിര്‍ദേശം ഗുണഭോക്താക്കളെയും കടയുടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കാര്‍ഡുടമകളില്‍ 1.53 കോടിപേരാണ് മുന്‍ഗണനാ വിഭാഗത്തിലുള്ളത്. ഈ വിഭാഗത്തില്‍ പച്ചരിക്ക് ആവശ്യക്കാര്‍ കുറവാണ്. പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ള പച്ചരി അധികമായി എത്തിക്കുന്നത് സംഭരണസൗകര്യം കുറഞ്ഞ റേഷന്‍കടയുടമകളെ ബുദ്ധിമുട്ടിലാക്കും.

മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട മഞ്ഞ (എ.എ.വൈ.) കാര്‍ഡുടമകള്‍ക്ക് മാര്‍ച്ചില്‍ 30 കിലോ അരിയാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. പുഴുക്കലരി, കസ്റ്റം മില്‍ഡ് അരി, സമ്പുഷ്ടീകൃത അരി തുടങ്ങിയവകൂടി വില്‍ക്കാന്‍ ഇ-പോസില്‍ ഓപ്ഷന്‍ അനുവദിച്ചിട്ടുണ്ട്.എന്നാല്‍, അധികൃതരുടെ നിര്‍ദേശപ്രകാരം പച്ചരിയാവും വിതരണംചെയ്യുക. മുന്‍ഗണനാ പി.എച്ച്.എച്ച്. (പിങ്ക്) കാര്‍ഡുടമകള്‍ക്ക് ഓരോ അംഗത്തിനും നാലുകിലോ വീതമാണ് മാര്‍ച്ചിലെ സൗജന്യവിഹിതം.വിതരണത്തോത് കൂടിയതോടെ റേഷന്‍പച്ചരി വ്യാപകമായി കരിഞ്ചന്തയിലും എത്തിത്തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!