വേനലിനെ കൂളായി നേരിടാം: കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കാം, രോഗങ്ങളെ അകറ്റി നിർത്തണം
ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശം. യാത്രക്കിടയിലും ജോലിക്കിടയിലും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകും. ഇതിന്റെ ഭാഗമായി കുപ്പി വെള്ളത്തിന്റെ ഉൾപ്പെടെ നിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കാം
- കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങാതിരിക്കുക. ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
- കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകാനും പാടില്ല.
- കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ.മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്താം
- പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാം
- കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
- വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.
രോഗങ്ങളെ അകറ്റി നിർത്തണം
- വേനൽക്കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. കടകളിലും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽനിന്ന് ഉണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ ഐസ് ഒഴിവാക്കാം
- ആഹാരസാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകും. അതിനാൽ ഭക്ഷണ പാഴ്സലിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചുണ്ടോയെന്ന് ശ്രദ്ധിക്കാം. നിശ്ചിതസമയം കഴിഞ്ഞഭക്ഷണം കഴിക്കരുത്.
- ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.