‘ഇനി ജീവന്‍ പണയംവെച്ച് താമസിക്കാനില്ല’; വയനാട് പടവെട്ടിക്കുന്ന് നിവാസികള്‍ സമരത്തിലേക്ക്

കല്പറ്റ: ”ദിവസവേതനത്തില്‍ ജീവിതം മുന്‍പോട്ടുകൊണ്ടുപോകുന്നവരാണ് ഞങ്ങള്‍. വികസനത്തിനും ടൂറിസത്തിനുമൊന്നും എതിരല്ല. ഞങ്ങള്‍ക്കു വലുത് ഞങ്ങളുടെ കുട്ടികളുടെ ഭാവിയും മാതാപിതാക്കളുടെ സംരക്ഷണവുമാണ്. ഞങ്ങളെയും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം” – ചൂരല്‍മല സ്‌കൂള്‍റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ആവശ്യമാണിത്.ആര്‍ത്തിരമ്പിവന്ന ഉരുള്‍ദുരന്തത്തെ മുഖാമുഖം കണ്ട് ഭീതിയില്‍ കഴിയുന്നവര്‍ ‘ഇനി ജീവന്‍ പണയംവെച്ച് താമസിക്കാനില്ല’ എന്നാണ് പറയുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഗുണഭോക്തൃപട്ടികയില്‍ പടവെട്ടിക്കുന്നില്‍ താമസിക്കുന്ന 27 കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. നിലവില്‍ അപകടസാധ്യതയുള്ള പ്രദേശത്താണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്.
ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ അപകടസാധ്യതയുള്ള പ്രദേശത്തെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ദുരന്തമേഖലയില്‍ റവന്യുമന്ത്രി കെ. രാജനും പടവെട്ടിക്കുന്ന് വാസയോഗ്യമല്ലെന്നും ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ദുരന്തസാധ്യതാ പ്രദേശമായിട്ടും ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് പദ്ധതിയില്‍നിന്ന് പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.”മലവെള്ളപ്പാച്ചില്‍ കണ്‍മുന്നില്‍ നില്‍പ്പുണ്ട്. ഉറക്കംനഷ്ടപ്പെട്ട രാത്രികളാണ് ഇപ്പോഴുള്ളത്. മക്കളുടെ ഭാവി, മാതാപിതാക്കളുടെ ചികിത്സ എല്ലാം ഞങ്ങള്‍ക്കു മുന്‍പിലുണ്ട്. തിരിച്ചുപോകേണ്ടിവന്നാല്‍ കുട്ടികളുടെ പഠനം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും” – പടവെട്ടിക്കുന്ന് സ്വദേശിയായ സി.എം. യൂനസ് പറഞ്ഞു. ഞങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മടികാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭയമില്ലാതെ ജീവിക്കണം
ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ നോ ഗോ സോണില്‍നിന്ന് 50 മീറ്റര്‍ പരിധിയിലെ വീടുകളെ പരിഗണിച്ച രണ്ടാംഘട്ട ബി പട്ടികയില്‍ പടവെട്ടിക്കുന്ന് പ്രദേശത്തെ 30 വീടുകളില്‍ മൂന്നുവീടാണ് ആകെ ഉള്‍പ്പെട്ടത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് വീടുകളിലെത്താനുള്ള റോഡ് പൂര്‍ണമായും നോ ഗോ സോണായി അടയാളപ്പെടുത്തി. അധികൃതര്‍ ഈ പ്രദേശം സന്ദര്‍ശിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് സുരക്ഷിത മേഖലയില്‍ ഉള്‍പ്പെടുത്തിയതെന്ന് അബ്ദുള്‍ റഫീക്ക് ആരോപിച്ചു.”പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുപാടുതവണ കളക്ടറേറ്റില്‍ കയറിയിറങ്ങിയിട്ടുണ്ട്. ഒരു വലിയ ദുരന്തത്തെ ഞങ്ങള്‍ നേരിട്ടു. ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷിയില്ല -അബ്ദുള്‍ റഫീക്ക് പറഞ്ഞു.
വന്യമൃഗശല്യം രൂക്ഷം
ദുരന്തത്തിനുശേഷം ആള്‍ത്താമസമില്ലാതെ വന്നതിനാല്‍ പ്രദേശത്ത് കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമാണ്. മിക്ക കൃഷിയിടങ്ങളിലും കാട്ടാനകള്‍ വ്യാപകനാശം വരുത്തിയിട്ടുണ്ട്. ”പടവെട്ടിക്കുന്നില്‍ മനുഷ്യവാസം സാധ്യമാക്കണമെങ്കില്‍, പ്രദേശത്തേക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ കോടികള്‍ ചെലവാകും. എന്നാല്‍, ഇത്രയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അത്രയും ചെലവുണ്ടാകില്ല. എന്നിട്ടും കുടുംബങ്ങളെ അപകടഭീഷണി ഏറെയുള്ള പ്രദേശത്ത് തുടരാന്‍ നിര്‍ബന്ധിക്കുന്നത് വരാനിരിക്കുന്ന മഴക്കാലങ്ങളില്‍ ഈ കുടുംബങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്ന തീരുമാനമാണ്. ഈ നീക്കം അവസാനിപ്പിച്ച് പ്രദേശത്തെ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണം. എല്ലാ വര്‍ഷവും മഴക്കാലത്ത് ദുരിതാശ്വാസ ക്യാന്പില്‍ കഴിയാന്‍ ഇനിയാവില്ല”-യൂനസ് പറഞ്ഞു.സമരത്തിനിറങ്ങും പടവെട്ടിക്കുന്നിലെ ഒറ്റപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പടവെട്ടിക്കുന്ന് – സ്‌കൂള്‍റോഡ് ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റിനു മുന്‍പില്‍ സമരം സംഘടിപ്പിക്കും.ഗോ സോണ്‍- നോ ഗോസോണ്‍ അവ്യക്തത നീക്കുക, ഗുണഭോക്തൃപട്ടികയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. പി.കെ. അരുണ്‍, എം. ഷഫീക്ക്, പി. നസീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.