യു.എ.ഇയിൽ വധശിക്ഷയ്ക്കു വിധേയരായ രണ്ടു പേരും കണ്ണൂർ സ്വദേശികൾ

അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയരായ രണ്ടു പേർ കണ്ണൂർ സ്വദേശികൾ. കണ്ണൂർ സിറ്റി തയ്യിൽ പെരും തട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ അരങ്ങിലോട്ട് തെക്കേ പറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ മാസം 15നു നടപ്പാക്കിയതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ ഔദ്യോഗിക വിവരം ലഭിച്ചത്.ഇവരുടെ അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. റിനാഷിൻ്റെ ബന്ധുക്കൾ യു.എ.ഇയിൽ എത്തിയിട്ടുണ്ട്.
2023ൽ അൽ ഐനിൽ യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. 2009ൽ അൽ ഐനിൽ തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്.മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും മുഹമ്മദ് റിനാഷ് പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.