പവർഫുളാണ് ഊർജതന്ത്രം അധ്യാപിക

പാപ്പിനിശേരി: പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രതിസന്ധികളെ തരണംചെയ്യാമെന്ന് തെളിയിക്കുകയാണ് പാപ്പിനിശേരി ജിയുപിഎസ് അധ്യാപിക പി വി തുഷാര. വിദ്യാർഥികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം പവർലിഫ്റ്റിങ്ങിൽ പവർഫുള്ളാവുകയാണ്. അഞ്ചു മാസത്തെ പരിശീലനത്തിലൂടെയാണ് ജില്ലാ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് മൽസരത്തിൽ 57 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്ട്രോങ് വുമൺ ഓഫ് കണ്ണൂർ പട്ടവും കരസ്ഥമാക്കിയത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടത്തിന് വഴിതുറന്നത്. ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന ഭർത്താവ് രാഹുൽ കൃഷ്ണനോടൊപ്പം കൂട്ടുവന്നപ്പോഴാണ് ശരീരം പുഷ്ടിപ്പെടുത്തിയാലോ എന്ന തോന്നലുണ്ടായത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്ന തോന്നലിൽ വെറുതെയിരുന്നു. ഏറെ നാളുകൾക്കുശേഷം പാപ്പിനിശേരി പ്രോസ് റ്റൈൽ ജിംനേഷ്യം പരിശീലകൻ ശൈലേഷിന്റെ നിർദേശത്തിൽ ജിംമ്മിന്റെ ബാലപാഠങ്ങളിലേക്ക്. ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ മുടങ്ങാതെ ജിംനേഷ്യത്തിലെ വ്യായാമങ്ങൾ. ഒരു മാസത്തിനകം പൂർണ ആത്മവിശ്വാസം നേടി. പിന്നീടുള്ള ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് അതിവേഗം മുന്നേറി. അച്ഛനും അമ്മയും ഭർത്താവും മകനും മടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പംചേർന്നത് കുതിപ്പിന് വേഗംകൂട്ടി. ബഞ്ച് പ്രസിൽ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണീ ഊർജതന്ത്രം അധ്യാപിക. ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചെങ്കിലും അധ്യാപികയാകാൻ അതിയായ മോഹമുള്ളതിനാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ചു. 2021 ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.