ഹൃദയസ്തംഭനം തടയാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി മലയാളി ഗവേഷക

Share our post

തിരുവനന്തപുരം: ഓക്സിജൻ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കേരള സർവകലാശാല ഗവേഷക.ഹൃദയത്തിൽ ഓക്സിജൻ കുറയുന്ന ഘട്ടത്തിൽ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവർത്തനം നിയന്ത്രിച്ച് സംരക്ഷണം നൽകാമെന്നാണ് കണ്ടെത്തൽ.കാരി മത്സ്യത്തെ (കല്ലേൽ മുട്ടി) ഉപയോഗിച്ചായിരുന്നു ഗവേഷണം. ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഇവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.സി.ഇ.ഐ.ബി.) എസ്. രേഖയാണ് ഗവേഷണം നടത്തിയത്. പ്രൊഫ. എം.സി. സുഭാഷ് പീറ്റർ നേതൃത്വം നൽകി.അന്താരാഷ്ട്ര ജേണലായ കംപാരറ്റീവ് ബയോകെമിസ്ട്രി ആൻഡ് ഫിസിയോളജിയുടെ ടോക്സിക്കോളജി ആൻഡ് ഫാർമക്കോളജി വിഭാഗത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.സമ്മർദങ്ങളനുഭവപ്പെടുമ്പോഴാണ് ഹൃദയത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥയുണ്ടാവുന്നത്.

ഈസമയം കോശങ്ങളുടെ സ്ഥിരതയെ സഹായിക്കുന്ന ‘ആക്ടിൻ’ പ്രോട്ടീന്റെ പ്രവർത്തനം ലഘൂകരിച്ചാൽ മരണം തടയാനാവുമെന്നാണ് കണ്ടെത്തൽ.സൈറ്റോചലാസിൻ-ഡി എന്ന സംയുക്തമുപയോഗിച്ചാണ് ആക്ടിൻറെ പ്രവർത്തനം ലഘൂകരിക്കുന്നത്. ഇത് റിയാക്ടീവ് ഓക്സിജൻ സ്പീഷിസ് എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകളെ കുറയ്ക്കുകയും ഹൃദയാരോഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇതിലൂടെ കോശങ്ങളുടെ ഊർജഫാക്ടറിയായ മെറ്റോകോൺട്രിയയെ ഉത്തേജിപ്പിച്ച് സമ്മർദങ്ങളെ നേരിടാൻ ഹൃദയത്തെ സജ്ജമാക്കും.അന്തരീക്ഷവായുകൂടി ശ്വസിക്കുന്ന അനാബസ് വിഭാഗത്തിൽപ്പെടുന്നതുകൊണ്ടാണ് കാരി മത്സ്യത്തെ പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. മത്സ്യഹൃദയം എങ്ങനെ സമ്മർദങ്ങളെ അതിജീവിക്കുമെന്ന പരീക്ഷണത്തിലൂടെ മനുഷ്യഹൃദയത്തിന്റെ സമാനനില മനസ്സിലാക്കാമെന്നാണ് ഗവേഷകർ പറയുന്നത്.യു.ജി.സി., സി.എസ്.ഐ.ആർ. ഉന്നത വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!