പട്ടികയില്‍ ഉള്‍പ്പെട്ടില്ല; 16 കുടുംബങ്ങള്‍ ദുരന്തഭൂമിയില്‍ ഒറ്റപ്പെടും

Share our post

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ കരട് ഗുണഭോക്തൃലിസ്റ്റുകളെല്ലാം പ്രസിദ്ധീകരിച്ചപ്പോള്‍ 16 കുടുംബങ്ങള്‍ ദുരന്തഭൂമിയില്‍ ഒറ്റപ്പെട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യം. വനറാണിയില്‍ ഒരു കുടുംബവും പുഞ്ചിരിമട്ടത്ത് അഞ്ചു കുടുംബങ്ങളും ചൂരല്‍മല സ്‌കൂള്‍ റോഡില്‍ രണ്ടു കുടുംബങ്ങളും ശേഷിക്കുന്ന ആറു കുടുംബങ്ങളും മുണ്ടക്കൈ വാര്‍ഡില്‍ വിവിധയിടങ്ങളിലുമായി ഒറ്റപ്പെട്ട് താമസിക്കേണ്ടിവരും. അവസാനം പ്രസിദ്ധീകരിച്ച രണ്ട് ബി. ലിസ്റ്റില്‍ നോ ഗോ സോണില്‍നിന്ന് 50 മീറ്റര്‍ ദൂരത്തിനുള്ളില്‍ എന്ന മാനദണ്ഡം വെച്ചതോടെയാണ് ചില കുടുംബങ്ങള്‍മാത്രം ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായത്. ഈ 16 കുടുംബങ്ങളുടേത് സവിശേഷ സാഹചര്യമാണെന്നു കണ്ട് ഇവരെക്കൂടി അന്തിമ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്ന് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. കുടുംബങ്ങള്‍ 13-നകം പരാതികൂടി നല്‍കേണ്ടതുണ്ട്.

ശേഷം ദുരന്തനിവാരണസമിതിയായിരിക്കും സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുക.മൂന്നു പട്ടികകളിലായി പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃലിസ്റ്റില്‍ 393 കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്. ഒന്നാംഘട്ടപട്ടികയില്‍ 242 കുടുംബങ്ങളും രണ്ട് എ. പട്ടികയില്‍ 81 കുടുംബങ്ങളും രണ്ട് ബി. പട്ടികയില്‍ 70 കുടുംബങ്ങളുമാണുള്ളത്. ഒറ്റപ്പെട്ടുപോകുന്ന 16 കുടുംബങ്ങള്‍ക്കുപുറമേ പടവെട്ടിക്കുന്നിലെ 37 കുടുംബങ്ങള്‍ ഉള്‍പ്പെടെ വേറെയും കുടുംബങ്ങള്‍ ഗുണഭോക്തൃപട്ടികകളില്‍ ഇടംനേടാനാകാതെ പോയി. മൂന്നാംഘട്ട ലിസ്റ്റുംകൂടി വന്നതോടെ കുടുംബങ്ങള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഒന്നാംഘട്ട ലിസ്റ്റില്‍ 40-ഓളം കുടുംബങ്ങളാണ് പരാതി ഉന്നയിച്ചത്. ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. രണ്ട് എ. ലിസ്റ്റില്‍ ഏഴുവരെയും രണ്ട് ബി. ലിസ്റ്റില്‍ 13 വരെയും പരാതി സ്വീകരിക്കും. ഇതിനുശേഷം പരാതികളില്‍ സബ്കളക്ടര്‍തലത്തില്‍ അന്വേഷണംകൂടി നടന്നതിനുശേഷമായിരിക്കും അന്തിമ ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിക്കുക.

20-നകം അന്തിമഗുണഭോക്തൃപട്ടികയും സ്ഥലമെടുപ്പും

കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച് ചൊവ്വാഴ്ച ഉത്തരവും ഇറങ്ങി. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കും. ബുധനാഴ്ചമുതല്‍തന്നെ കണക്കെടുപ്പ് തുടങ്ങും. ഇതിനൊപ്പം സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് വേണമെന്ന് താത്പര്യപ്പെടുന്നവരുടെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷംരൂപയുടെ സഹായധനം മതിയെന്നുള്ളവരുടെയും പട്ടികകളും തയ്യാറാക്കും. ഒന്നാംഘട്ടപട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വില്ലേജ് ഓഫീസര്‍ ബുധനാഴ്ചമുതല്‍ ഇതുസംബന്ധിച്ച കത്തയച്ചുതുടങ്ങും. 10, 11, 12 തീയതികളിലായി കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഈ ഗുണഭോക്താക്കളെ നേരില്‍ക്കണ്ട് അഭിപ്രായമാരായും. പിന്നാലെ രണ്ട് എ. ലിസ്റ്റില്‍ ഉള്ളവര്‍ക്കും കത്തയച്ച് 17, 18, 19 തീയതികളിലായി കളക്ടര്‍ നേരില്‍ കാണും. രണ്ട് ബി. ലിസ്റ്റില്‍ ഉള്ളവരുടെ കൂടിക്കാഴ്ചയും 20-നകം പൂര്‍ത്തീകരിച്ച് അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിരിക്കുന്നത്.

ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ പരാതിപ്പെട്ടവരുടെ അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയക്കുന്നതിനൊപ്പം അതിന്റെ കോപ്പി ഉപയോഗിച്ച് ഓരോ പരാതിയിലും ശുപാര്‍ശകള്‍ തയ്യാറാക്കുന്നതും സമാന്തരമായി നടക്കുന്നുണ്ട്.സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ചോദിച്ചാലും കാലതാമസംകൂടാതെ പരിഹരിക്കാനാവുമെന്നതിനാലാണിത്. പുനരധിവാസത്തിന് കാലതാമസമുണ്ടായെന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കകം ഗുണഭോക്തൃപട്ടികയും ഭൂമിയേറ്റെടുക്കലും പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.

പട്ടികയിലുള്‍പ്പെടാത്തവരില്‍ ഷൈജയും

ദുരന്തത്തിന്റെ അതിജീവനമുഖങ്ങളിലൊന്നായി വാഴ്ത്തിപ്പാടിയ ആശവര്‍ക്കറായ ചൂരല്‍മല സ്വദേശി ഷൈജയും ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഇവര്‍ക്ക് ഒന്‍പത് കുടുംബാംഗങ്ങളെ ദുരന്തത്തില്‍ നഷ്ടമായിരുന്നു. ചൂരല്‍മല സ്‌കൂള്‍ റോഡില്‍നിന്ന് ഗുണഭോക്തൃപട്ടികകളില്‍ ഉള്‍പ്പെടാതെ പോയ രണ്ടു കുടുംബങ്ങളിലൊന്ന് ഷൈജയുടേതാണ്. മുന്‍വാര്‍ഡ് മെമ്പറും ആശവര്‍ക്കറുമായ ഷൈജയായിരുന്നു ദുരന്തത്തിലകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത്. ഷൈജയുടെ സേവനം വിലമതിച്ച് പിന്നീട് കേരളശ്രീ പുരസ്‌കാരമടക്കം നല്‍കി ആദരിച്ചിരുന്നു.ഒട്ടേറെ അംഗീകാരങ്ങളും അവരെത്തേടിയെത്തിയിരുന്നു. ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിച്ചതെന്നും 50 മീറ്റര്‍ പരിധി വന്നപ്പോള്‍ ഷൈജയും മറ്റൊരു കുടുംബവും ഒറ്റപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും ജനകീയ ആക്ഷന്‍സമിതി ഭാരവാഹികള്‍ പ്രതികരിച്ചു. ചൊവ്വാഴ്ചതന്നെ കളക്ടറെ നേരില്‍ക്കണ്ട് ഷൈജ പരാതിയും നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!