പരീക്ഷ കഴിയും വരെ ശ്രീലക്ഷ്മി അറിഞ്ഞില്ല; കൈപിടിക്കാൻ ഇനി അച്ഛനില്ലെന്ന്

തലശ്ശേരി: വാഹനാപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛന്റെ അടുത്തേക്ക് എത്രയും വേഗം എത്താനുള്ള തിരക്കിലാണ് ശ്രീലക്ഷ്മി പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങിയത്. വെളിയിൽ കാത്തുനിന്ന അധ്യാപകരുടെ മുഖം കണ്ടപ്പോഴേ ആ കണ്ണുകൾ നിറഞ്ഞൊഴുകി.പ്ലസ്ടു ഇംഗ്ലിഷ് പരീക്ഷ എഴുതിക്കഴിയുംവരെ ശ്രീലക്ഷ്മി അറിഞ്ഞില്ല, പ്രിയപ്പെട്ട അച്ഛൻ ഇനി തന്റെ ജീവിതത്തിലില്ലെന്ന്. തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സയൻസ് വിദ്യാർഥിയായ ശ്രീലക്ഷ്മിയുടെ അച്ഛൻ കലക്ടറേറ്റ് റിട്ട. ജൂനിയർ സൂപ്രണ്ടും എൻജിഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റുമായ കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിന് സമീപം ശിവരഞ്ജിനിയിൽ എൻ.പി. ജയകൃഷ്ണന് (63) വെള്ളിയാഴ്ചയാണ് അപകടത്തിൽ പരുക്കേറ്റത്. സ്കൂട്ടറിൽ വീട്ടിലേക്കു വരുമ്പോൾ ഓണിയൻ ഹൈസ്കൂളിനടുത്ത് പിക്കപ് വാൻ ഇടിക്കുകയായിരുന്നു.
കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ മരിച്ചവിവരം അറിയിക്കാതെ അധ്യാപകർ ശ്രീലക്ഷ്മിയെ സ്കൂളിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നും മകൾക്ക് ഉച്ചഭക്ഷണവുമായി എത്തുന്ന ജയകൃഷ്ണൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമെല്ലാം പരിചിതനാണ്.പരീക്ഷ കഴിഞ്ഞ് ശ്രീലക്ഷ്മി എത്തുമ്പോഴേക്കും മൃതദേഹം വീട്ടിലെത്തിച്ചു. അച്ഛന്റെ ചേതനയറ്റ ശരീരത്തിനടുത്തുനിന്നു വിങ്ങിപ്പൊട്ടിയ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാനാകാതെ അധ്യാപകരും ബന്ധുക്കളും നാട്ടുകാരും സങ്കടപ്പെട്ടു.അഖില കേരള ബാലജനസഖ്യം ശാഖാ സഹകാരി, കോടിയേരി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും ജയകൃഷ്ണൻ പ്രവർത്തിച്ചു. ഭാര്യ ജെ.കെ.ശ്രീജ (പ്രധാനാധ്യാപിക, ഓണിയൻ യുപി സ്കൂൾ). മകൻ രാംസ്വരൂപ് (വിദ്യാർഥി, ഇന്ദിരാഗാന്ധി ഗവ. പോളിടെക്നിക്, മാഹി). സഹോദരങ്ങൾ: പി.കെ.ജനാർദനൻ, അരവിന്ദൻ, വൽസൻ, ശിവാനന്ദൻ, പരേതയായ രമാദേവി.