മനുഷ്യ-വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എ.ഐ

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സർക്കാർ. വനാതിർത്തികളിൽ ഇതുവഴി വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണക്യാമറകൾ, പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ വികസിപ്പിച്ച റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, ക്യാമറാ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ചാകും നിരീക്ഷണം.
കേരളത്തിലെ വനത്തിലെ സാഹചര്യം വിലയിരുത്തി മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നക്കാരായ വന്യജീവികളെ തിരിച്ചറിയും. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കാനാകും. ഇതിനുള്ള പ്രാരംഭനടപടി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ തുടങ്ങി. വനംവകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.