എ.ടി.എമ്മിൽ കാർഡ് മറന്ന് വയ്ക്കല്ലേ: തിരിച്ച് കിട്ടാൻ എളുപ്പമല്ല

കളഞ്ഞ് കിട്ടിയ ഏത് വസ്തുവും ഉടമയ്ക്ക് തിരിച്ച് നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ, എ ടി എം കാർഡുകൾ ഇതിൽപ്പെടില്ല. പണം പിൻവലിച്ച ശേഷം എ ടി എം കൗണ്ടറിൽ കാർഡ് മറന്ന് വച്ചാൽ തിരിച്ച് കിട്ടാൻ ബുദ്ധിമുട്ടാണ്.കാർഡ് തിരിച്ച് നൽകാൻ നിയമപരമായി തടസ്സം ഉണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വാദം. സ്വന്തം ബാങ്കിന്റെ എ ടി എം കാർഡ് ആണെങ്കിൽ ഉടമയുടെ തിരിച്ചറിയൽ രേഖകളും മറ്റും പരിശോധിച്ച് വിശ്വാസ്യത ഉറപ്പ് വരുത്തി കാർഡ് തിരിച്ച് നൽകും.എന്നാൽ, മറ്റ് ബാങ്കുകളുടെ എ ടി എം കാർഡ് ആണെങ്കിൽ തിരിച്ച് നൽകില്ല. സ്വന്തം ബാങ്കിന്റേത് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ ബാങ്കിൽ ലഭ്യമാവില്ല എന്നതാണ് പ്രധാന കാരണം.
പിന്നെന്താണ് വഴി?
മാതൃബാങ്കിൽ പരാതി നൽകി, അവിടെ നിന്ന് എ ടി എം കാർഡ് കൈവശമുള്ള ബാങ്കിലേക്ക് അപേക്ഷ അയപ്പിക്കണം. ഇങ്ങനെ അപേക്ഷ ലഭിച്ചാൽ നടപടികൾ പൂർത്തിയാക്കി കാർഡ് കൈമാറുന്ന രീതിയുണ്ട്. എന്നാൽ, ഇതിനേക്കാൾ എളുപ്പ വഴി പുതിയ കാർഡിന് അപേക്ഷിക്കുക എന്നതാണ്.ബാങ്കുകളുടെ ആഭ്യന്തര കാര്യമായത് കൊണ്ട് തന്നെ, കളഞ്ഞ് കിട്ടുന്ന കാർഡുകളുടെ കാര്യത്തിൽ ഇടപെടാൻ പോലീസിനും പരിമിതിയുണ്ട്.കാർഡ് നഷ്ടപ്പെട്ടാൽ ആദ്യം തന്നെ അത് ബ്ലോക്ക് ചെയ്യുക. തുടർന്ന്, പുതിയ കാർഡിന് അപേക്ഷിക്കുക. പുതിയ കാർഡിന് നൂറ് രൂപയും സർവീസ് ചാർജും മുടക്കണം. കാർഡ് കിട്ടാൻ പരമാവധി രണ്ടാഴ്ച എടുക്കും.