വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.
ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).