അഞ്ചുവർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി അതിർത്തി തുറന്ന് ഉത്തര കൊറിയ

സോൾ: സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ഉത്തര കൊറിയ അന്താരാഷ്ട്ര ടൂറിസം പൂർണമായി പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ ആഴ്ച വിനോദ സഞ്ചാരികളുടെ സംഘം ഉത്തര കൊറിയ സന്ദർശിച്ചു. കഴിഞ്ഞ വർഷം രാജ്യത്തെത്തിയ റഷ്യൻ വിനോദ സഞ്ചാരികളെ മാറ്റിനിർത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ ഉത്തര കൊറിയ സന്ദർശിച്ച ആദ്യ ടൂറിസ്റ്റുകളാണിവർ.അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി അതിർത്തികൾ വീണ്ടും തുറന്നുകൊടുക്കുന്നത്. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖല സ്ഥിതി ചെയ്യുന്ന വടക്കുകിഴക്കൻ അതിർത്തി നഗരമായ റാസണിലേക്ക് 13 അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ഫെബ്രുവരി 20 മുതൽ 24വരെ യാത്ര സംഘടിപ്പിച്ചതായി ബീജിങ് ആസ്ഥാനമായ ട്രാവൽ ഏജൻസി അറിയിച്ചു.ഒരുകാലത്ത് ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സായിരുന്നു ടൂറിസം. മുമ്പ് ആയിരക്കണക്കിന് വിദേശ വിനോദസഞ്ചാരികൾ, പ്രധാനമായും ചൈനയിൽ നിന്നുള്ളവരുടെ പ്രധാന ടൂറിസ്റ്റ് സ്പോട്ടായിരുന്നു ഉത്തരകൊറിയ. ഉത്തരകൊറിയ സന്ദർശിക്കുന്നവരിൽ 90% വും ചൈനീസ് സഞ്ചാരികളാണ്. പ്രതിവർഷം 300,000 വരെ ചൈനീസ് വിനോദസഞ്ചാരികൾ ഉത്തരകൊറിയയിലേക്ക് വന്നിരുന്നു. 2024 അവസാനത്തോടെ, ഏകദേശം 880 റഷ്യൻ വിനോദസഞ്ചാരികളും ഉത്തരകൊറിയ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്.