കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്പ്പറേഷന് ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി പദ്മരാജന്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ജി അനിത, ഷഫീർ അലി എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്കൂട്ടറും പിടികൂടിയിരുന്നു. കോര്പ്പറേഷന് ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്മാന് എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന് എന്നിവര്‍ അറിയിച്ചു.