തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം, 15 സീറ്റുകൾ; 13 ഇടത്ത് യു.ഡി.എഫ്,എസ്.ഡി.പി.ഐ 1

തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും ജയിച്ചു.മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്കാണ് വിജയിച്ചത്. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.
പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം ൃവാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 162 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫ് അംഗം കൂറുമാറി അയോഗ്യനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ് വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ബിജിമോൾ മാത്യു ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡിൽ എൽഡിഎഫ് വിജയിച്ചു.
കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിച്ചു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു.
തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി.ഹരികുമാറിന് ജയം.
തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. 48 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫിന് ജയം. ബിൻസി ഷാബു വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജീവി സ്കൂൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.
കോഴിക്കോട് പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടിൽ അജയനാണു വിജയിച്ചത്. 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.
കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സൂര്യ ഗോപാലൻ വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായ അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുലിപ്പാറയിലെ വിജയത്തോടെ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ധിച്ചു