പഴയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു

Share our post

പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു.നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻപോകുന്നത്.15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങള്‍ക്ക് 2500 രൂപയും കാറുകള്‍ക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച്‌ ഫീസും ഇരട്ടിക്കും.

ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഓള്‍ട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകള്‍ക്ക് സംസ്ഥാനസർക്കാർ ബജറ്റില്‍ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങള്‍ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്ബോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിള്‍ ഇൻസ്പെക്ടർമാരാണ് ഇപ്പോള്‍ വാഹനം പരിശോധിക്കുന്നത്.ഫീസ് സംസ്ഥാനസർക്കാരിനാണ് ലഭിക്കുന്നത്. ഇതിനുപകരം യന്ത്രവത്കൃത വാഹനപരിശോധനയാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.

2021-ല്‍ നിയമനിർമാണം നടത്തിയെങ്കിലും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി നടപ്പാക്കല്‍തീയതി പലതവണ മാറ്റിവെച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം 2025 ഏപ്രിലിനുമുൻപ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് കേന്ദ്രങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ സ്വകാര്യമേഖലയില്‍ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. നിലവിലുള്ള ഒൻപത് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങള്‍ ആരംഭിക്കാനും സംസ്ഥാനസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.വാഹനപരിശോധനാ കേന്ദ്രങ്ങളില്‍ ഈടാക്കാൻ ഉദ്ദേശിക്കുന്ന ഫീസ് ഘടനയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!