മന്ത്രിയുടെ കാറിന് മുകളിൽകയറി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ; കാട്ടാന ആക്രമണത്തിൽ ആറളത്ത് വൻപ്രതിഷേധം

Share our post

കണ്ണൂർ: ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ആറളത്ത് പ്രതിഷേധം തുടരുന്നു. മരിച്ചവരുടെ മൃത​ദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നത് നാട്ടുകാർ തടഞ്ഞു. റോഡിൽ മരങ്ങളും കല്ലുകളും ഇട്ട് ആംബുലൻസുകൾ തടഞ്ഞ നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.ആറളം പഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷി യോ​ഗത്തിൽ പങ്കെടുക്കാനായി എത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ വാഹനം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തു. കരിങ്കൊടി കാട്ടുന്നതിനിടെ മന്ത്രിയുടെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോണറ്റിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു.പോലീസ് ഇവരെ പിന്നീട് അറസ്റ്റുചെയ്തു നീക്കിയതോടെയാണ് മന്ത്രിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എത്താനായത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ജില്ലാ കളക്ടറും സബ്ബ് കളക്ടറും ഉൾപ്പടെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി എ.കെ. സശീന്ദ്രൻ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ഉറപ്പുകൾ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൻ പോലീസന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഞായറാഴ്ച വൈകുന്നേരമാണ് പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന ഇവരെ ചവിട്ടിക്കൊന്നത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ ആന നിലയുറപ്പിച്ചിരിന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ ആദ്യം സാധിച്ചിരുന്നില്ല. പിന്നീട് മൃതദേഹം സംഭവസ്ഥലത്തുനിന്ന്‌ മാറ്റാനുള്ള നീക്കം വൻ സംഘർഷത്തിൽ കലാശിച്ചു.പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് രാത്രി ചർച്ചയ്ക്ക് എത്തിയ സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, സണ്ണി ജോസഫ് എം.എൽ.എ. എന്നിവരെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസ് ബലമായി പ്രതിഷേധക്കാരെ മാറ്റി ഏറെ പണിപ്പെട്ടാണ് രാത്രി 11-ഓടെ ഇരുവരെയും ഇവിടെനിന്ന്‌ രക്ഷപ്പെടുത്തിയത്. രാത്രി 11.30-ഓടെയാണ് മൃതദേഹങ്ങൾ ഇവിടെനിന്ന് കൊണ്ടുപോയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!