പയ്യാമ്പലത്തെ തട്ടുകടകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കണ്ണൂർ: കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.അനധികൃത വ്യാപാരങ്ങൾക്കെതിരെയും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടന്ന പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്. പള്ളിക്കുന്ന് സോണൽ ആരോഗ്യവിഭാഗം ഇന്ന് രാവിലെ പയ്യാമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിൽ അറേബ്യൻ റിസോർട്ടിന് മുൻവശത്തു റോഡിൽ വ്യാപാരം ചെയ്യുന്ന തട്ടുകടയിൽ നിന്ന് വ്യാപകമായ രീതിയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്.
വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത തട്ടുകടയിൽ ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കമഴ്ത്തി വെച്ച് ഐസ് ബ്ലോക്ക് ഇട്ട് വെച്ചാണ് പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത്.മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചതിനാൽ മുൻപും പിഴ നിശ്ചയിച്ചു നോട്ടീസ് നൽകിയതാണ്.സോണലിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിലും നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
പരിശോധനയിൽ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ രാധാമണി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി. ഹംസ,ടിപി ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
രാത്രികാല പരിശോധനയും കർശനമാക്കിയതായും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ഹെൽത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷും കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പനും പറഞ്ഞു.