ഡബിള്‍ ഡെക്കര്‍ ബസിന്റെ വിന്‍ഡോയില്‍ യുവാവിന്റെ സാഹസിക യാത്ര

മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡെക്കര്‍ ബസില്‍ യുവാവിന്റെ സാഹസികയാത്ര. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പെരിയക്കനാല്‍ തേയില ഫാക്ടറിക്ക് സമീപമാണ് യുവാവ് ബസിന്റെ രണ്ടാംനിലയിലെ ജനലിലൂടെ ശരീരം പുറത്തിട്ട് യാത്രചെയ്തത്. അത്യന്തം അപകടകരമായ നിലയിലായിരുന്നു ഇത്.ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ബുധനാഴ്ച സര്‍വീസ് നിര്‍ത്തിയിരുന്നു. വ്യാഴാഴ്ച സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് യുവാവ് അപകടയാത്ര നടത്തിയത്. സംഭവത്തില്‍ കേസെടുത്തിട്ടില്ല. ദേവികുളം ഗ്യാപ് റോഡിലെ കാഴ്ചകള്‍ കാണുന്നതിനായി നേരത്തേ പലരും വാഹനങ്ങളില്‍ പ്രദേശത്ത് അപകടയാത്ര നടത്തിയിരുന്നു.
മൂന്നാര്‍കാഴ്ചകള്‍ നല്ലരീതിയില്‍ ആസ്വദിക്കുന്നതിനായാണ് കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസ് ഏര്‍പ്പെടുത്തിയത്. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് എന്ന പേരില്‍ ആരംഭിച്ച സര്‍വീസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സര്‍വീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളില്‍ 869 പേരാണ് ബസില്‍ യാത്രചെയ്തത്. 2,99,200 രൂപയായിരുന്നു ഈ ഇനത്തില്‍ വരുമാനം ലഭിച്ചത്.യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ പൂര്‍ണമായും സുതാര്യമായ പാര്‍ശ്വഭാഗങ്ങളോടെയാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. ലോവര്‍ സീറ്ററില്‍ 12 ഇരിപ്പിടങ്ങളാണുള്ളത്. അപ്പര്‍ സീറ്റില്‍ 38 പേര്‍ക്ക് യാത്രചെയ്യാം. ഒരു ട്രിപ്പില്‍ പരമാവധി 50 പേര്‍ക്ക് യാത്രചെയ്യാനാകും. ലോവര്‍ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പര്‍ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
എല്ലാ ദിവസവും മൂന്നു ട്രിപ്പുകളാണുള്ളത്. രാവിലെ 9-ന് മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍വഴി ഉച്ചക്ക് 12-ന് തിരിച്ചെത്തുന്നതാണ് ആദ്യ ട്രിപ്പ്. തുടര്‍ന്ന് 12.30-ന് പുറപ്പെട്ട് 3.30-ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് 4-ന് ആരംഭിച്ച് രാത്രി 7-ന് തിരികെയെത്തും.മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിന്റെയും സമയദൈര്‍ഘ്യം. മുന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാര്‍ട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ആനയിറങ്കല്‍ ഡാം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശ വിനോദസഞ്ചാരികളാണ് ഡബിള്‍ ഡക്കര്‍ യാത്ര കൂടുതലും പ്രയോജനപ്പെടുത്തുന്നത്.