ഇനി വർഷത്തിൽ രണ്ടുതവണ സി.ബി.എസ്.ഇ ബോർഡ് പരീക്ഷ; അടുത്തവർഷം മുതൽ നടപ്പാക്കാൻ തീരുമാനം

Share our post

വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള പദ്ധതി 2026-27 അധ്യയനവർഷംമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സെമസ്റ്റർ പരീക്ഷ നടത്തുന്നതിനും വർഷത്തിൽ രണ്ടുതവണയായി ബോർഡ് പരീക്ഷകൾ നടത്തുന്നതിനുമാണ് ആലോചന. കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വിദ്യാഭ്യാസബോർഡുകളുമായി നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് പരീക്ഷയുടെ നടത്തിപ്പ് കൂടുതൽ കുറ്റമറ്റതാക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തിവരുകയാണ്. കൂടിയാലോചനകളിലൂടെ കൂടുതൽ ഉചിതമായ മാറ്റങ്ങൾ നടപ്പാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി..എൻ.ടി.എ. പരീക്ഷകളെ യു.പി.എസ്.സി. മാതൃകയിൽ കുറ്റമറ്റതാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എൻ.ടി.എ.യുടെ നവീകരണത്തിനായി ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻകമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.പരീക്ഷയുടെ നടത്തിപ്പിനും പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും സംസ്ഥാന സർക്കാരുകളെയും ജില്ലാതല ഭരണകൂടത്തെയും ഉൾപ്പെടുത്തിയുള്ള സുശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങൾക്കാണ് ശുപാർശചെയ്തിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!