ഇൻസ്റ്റഗ്രാം പ്രണയ തട്ടിപ്പ്: യുവതിയുടെ 25 പവൻ കവര്‍ന്ന ‌പ്രതി കുടുങ്ങി

Share our post

തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്‌ഐ ടി.കെ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് ഏഴരലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.യുവതിയില്‍ നിന്നു തട്ടിയെടുത്ത 25 പവനില്‍ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.സമാനമായ രീതിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതി പ്രണയത്തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.

വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ ആയ യുവതികളെയാണ് പ്രതി പ്രണയക്കുരുക്കില്‍പ്പെടുത്തി തട്ടിപ്പ് നടത്തി വന്നത്. വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പു കേസുകള്‍ പ്രതിക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. നേരിലോ ഫോട്ടോയിലൂടെ പോലുമോ കണ്ടിട്ടില്ലാത്ത യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച കണ്ണൂർ ചൊവ്വ സ്വദേശിനിയായ വിവാഹമോചിതയായ യുവതിയാണ് തലശേരിയില്‍ തട്ടിപ്പിനിരയായത്.ഒരു മാസം മാത്രം നീണ്ടുനിന്ന പ്രണയ സല്ലാപത്തിനിടയിലാണ് 25 പവൻ സ്വർണാഭരണവുമായി കാമുകനെ തേടി യുവതി ഇറങ്ങിപ്പുറപ്പെട്ടത്.കഴിഞ്ഞ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒരിക്കല്‍ പോലും നേരില്‍ കാണാത്ത കാമുകനോടൊപ്പംജീവിതം കൊതിച്ച്‌ തലശേരിയില്‍ എത്തിയ യുവതിയില്‍ നിന്നും സ്വർണാഭരണം തന്ത്രത്തില്‍ കൈക്കലാക്കി പ്രതി സ്ഥലം വിടുകയായിരുന്നു. വിവാഹവാഗ്ദാനംനല്‍കിയാണ് യുവാവ് യുവതിയെ തട്ടിപ്പിനിരയാക്കിയത്.യുവതി ആദ്യ ഭർത്താവിലുളള കുട്ടിയെയുമെടുത്താണ് തലശേരിയില്‍ എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയോട്  സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നല്‍കാൻ പ്രതി നിർദേശം നല്‍കുകയായിരുന്നു. സുഹൃത്തായി എത്തിയതും താൻ തന്നെയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!