12കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് പത്ത് വർഷം കഠിനതടവ്

തലശ്ശേരി: പിന്നാക്ക വിഭാഗത്തിൽപെട്ട 12കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 40,000 രൂപ പിഴയും. എടക്കാട് ദേശബന്ധു വായനശാലക്ക് സമീപം എരോത്ത് ഇല്ലം വീട്ടിൽ എൻ. ഗണേശനെയാണ് (55) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്. എടക്കാട് സ്വദേശിനിയായ കുട്ടിയാണ് അതിക്രമത്തിനിരയായത്.2022 ഡിസംബർ 16ന് വൈകീട്ട് ഏഴരക്കാണ് കേസിനാധാരമായ സംഭവം. പെൺകുട്ടി താമസിച്ചുവരുന്ന വീട്ടിൽ അതിക്രമിച്ചു കയറി മുന്നാക്ക വിഭാഗത്തിൽപ്പെട്ട പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് എടക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.എടക്കാട് സബ് ഇൻസ്പെക്ടർ എൻ. ദിജേഷ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാർ തുടരന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എം. ഭാസുരി ഹാജരായി.