അർബുദ ചികിത്സയ്ക്ക് ‘ഗ്രിഡ് ’ സംവിധാനം വരുന്നു; എളുപ്പത്തിൽ പരിചരണമുറപ്പാക്കുക ലക്ഷ്യം

Share our post

അർബുദ നിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലയിൽ കാൻസർ ഗ്രിഡ് വരുന്നു. അർബുദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാസംവിധാനങ്ങളെയും ബന്ധിപ്പിച്ചു തയ്യാറാക്കുന്ന ഗ്രിഡ് വഴി രോഗികൾക്ക് എളുപ്പത്തിൽ പരിചരണമുറപ്പാക്കുകയാണ് ലക്ഷ്യം.എവിടെയെല്ലാം കാൻസർ സ്‌ക്രീനിങ് സൗകര്യം കിട്ടും, അർബുദം സംശയിച്ചാൽ ഓരോ ഘട്ടത്തിലും എവിടെയെല്ലാം പരിശോധനയും ചികിത്സയും ലഭിക്കും, എന്തെല്ലാം സേവനങ്ങൾ ഏതൊക്കെ സ്ഥാപനങ്ങളിൽ കിട്ടും തുടങ്ങിയ എല്ലാ വിവരവും മാപ്പ് ചെയ്താണ് ഗ്രിഡ് ഒരുക്കുക.ചികിത്സയ്ക്കായി രോഗികൾക്ക് പലയിടത്തായി അലയേണ്ട അവസ്ഥ ഇല്ലാതാകുമെന്നതാണ് ഗ്രിഡിന്റെ പ്രത്യേകത. ഒരു ചികിത്സാകേന്ദ്രത്തിലെ പരിശോധനയിൽ അർബുദം കണ്ടെത്തിയാൽ തുടർസേവനങ്ങൾ എവിടെ ലഭിക്കുമെന്ന് കൃത്യമായി നിശ്ചയിക്കും. രോഗി എത്തുന്ന വിവരം ആ കേന്ദ്രത്തെ അറിയിക്കും. സാംപിളുകൾ നൽകിയശേഷം രോഗിക്കു വീട്ടിൽ പോകാം. പരിശോധനാഫലം തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രം വഴി അറിയിക്കും. വിദഗ്ധ ചികിത്സയ്ക്കുശേഷം ജനകീയ ആരോഗ്യകേന്ദ്രങ്ങൾ വഴി തുടർസേവനങ്ങളും നൽകും.

നിലവിൽ ജില്ലയിൽ ആരോഗ്യവകുപ്പിനുകീഴിൽ മാമോഗ്രാം പരിശോധനാ സംവിധാനമില്ലാത്തതാണ് ഏക പോരായ്മ. അതു പരിഹരിക്കാനായി ജില്ലാ ജനറൽ ആശുപത്രിയിൽ മാമോഗ്രാം പരിശോധനാ സംവിധാനം ഒരുക്കും. അതുവരെ മാറിടത്തെ അർബുദ പരിശോധനയുമായി ബന്ധപ്പെട്ട് അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനമുപയോഗപ്പെടുത്തി പരിശോധന നടത്തണം. ഇതിനായി സ്കാനിങ് ക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.30-65 വയസ്സുള്ള സ്ത്രീകളിലെ സ്താനാർബുദം, ഗർഭാശയഗള അർബുദം എന്നിവ കണ്ടെത്തുന്നതിനുള്ള ആരോഗ്യം ആനന്ദം കാംപെയ്‌ൻ ജില്ലയിൽ നടന്നുവരുകയാണ്. മാർച്ച് എട്ടുവരെയാണിത്. ഇതിന്റെ ഭാഗമായാണിപ്പോൾ കാൻസർ ഗ്രിഡും സജ്ജമാക്കുന്നത്.ജില്ലാ കാൻസർ ഗ്രിഡ് വഴി റഫർ ചെയ്തുവരുന്ന ഗുണഭോക്താക്കളെ സഹായിക്കാൻ ആരോഗ്യസ്ഥാപനങ്ങളിൽ ആരോഗ്യം ആനന്ദം ഹെൽപ് ഡെസ്‌ക്ക് പ്രവർത്തിക്കും. ഇവിടെ സ്വയം പരിശോധന നടത്താനുള്ള മാർഗങ്ങളെക്കുറിച്ച് വിശദമാക്കുന്ന പോസ്റ്ററുകളും പ്രദർശിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!