ജാഗ്രത പാലിച്ച് പണം സംരക്ഷിക്കാം,എന്താണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് ? മുന്നറിയിപ്പുമായി യു.പി.ഐ

ദൈനംദിനം പലതരം സാമ്പത്തിക തട്ടിപ്പുകള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകുകയാണ് അധികൃതര്‍.ഇതുവഴി തട്ടിപ്പുകാര്‍ ഉപഭോക്താവ് അറിയാതെ ഫോണ്‍ കോളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ഒ ടി പി തട്ടിയെടുക്കുകയും ചെയ്യും. ഇതിലൂടെ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനും പണം തട്ടാനും സാധിക്കും.യുപിഐ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വന്നിരിക്കുന്നത്.’നിങ്ങളെ കബളിപ്പിച്ച് ഒടിപി തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ കോള്‍ മെര്‍ജിങ് വിദ്യ ഉപയോഗിക്കുന്നു. അതില്‍ വീണ് പോവരുത് ! ജാഗ്രത പാലിച്ച് പണം സംരക്ഷിക്കുക.’ എന്നാണ് യു.പി.ഐ നല്‍കുന്ന മുന്നറിയിപ്പ്.
തട്ടിപ്പ് എങ്ങനെ ?
ഒരു സുഹൃത്തില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ ലഭിച്ചതെന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു അപരിചിതന്റെ കോള്‍ വരും. ആ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്യും. എന്നാല്‍ ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒടിപി ഫോണ്‍ കോള്‍ ആയിരിക്കും അത്. കോള്‍ മെര്‍ജ് ചെയ്താല്‍ രണ്ടിൽ അധികം പേര്‍ക്ക് ഒരേ സമയം സംസാരിക്കാനാവും. പറയുന്നത് പരസ്പരം കേള്‍ക്കാം. അതായത് ബാങ്കില്‍ നിന്നുള്ള ഫോണ്‍ കോളില്‍ പറയുന്ന ഒടിപി തട്ടിപ്പുകാരന് കേള്‍ക്കാനാവും. ആ നിമിഷം തന്നെ ഒടിപി ഉപയോഗിച്ച് കൊണ്ട് തട്ടിപ്പുകാര്‍ പണമിടപാട് നടത്തിയിട്ടുണ്ടാവും.
‣അപരിചിതമായ നമ്പറുകളുമായി കോള്‍ മെര്‍ജ് ചെയ്യരുത്. ആരെങ്കിലും കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ സംശയിക്കുക. പ്രത്യേകിച്ചും അപരിചിതരായ ആളുകള്‍ വിളിച്ചാല്‍.
ആരാണ് വിളിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക, ആരെങ്കിലും നിങ്ങളുടെ ബാങ്കില്‍ നിന്ന് ആണെന്നും പരിചയം ഉള്ളവരാണെന്നും പറഞ്ഞ് ബന്ധപ്പെട്ടാലും അവരുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം.
‣നിങ്ങള്‍ ഇടപാട് നടത്താതെ ഒ ടി പി ലഭിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക. 1930 എന്ന നമ്പറില്‍ ഇതിനായി ബന്ധപ്പെടാം.