കോളയാട്ടെ മാലപൊട്ടിക്കൽ കേസ് ; പ്രതികൾ വലയിലാവാൻ കാരണം മൊബൈൽ ഫോൺ

കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ. ശനിയാഴ്ച വൈകിട്ട് നാലിനും 4.10 നുമിടയിലാണ് മാല പൊട്ടിച്ചത്. സംഭവം ഉടൻ തന്നെ കണ്ണവം പോലീസിൽ പ്രദേശവാസികൾ അറിയിക്കുകയും ചെയ്തു.
കണ്ണവത്ത് കാത്തു നിന്ന പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ വന്ന ബൈക്ക് കടന്നു കളഞ്ഞെങ്കിലും റോഡിലെ ബമ്പിൽ നിന്ന് ബൈക്ക് പൊങ്ങിതാഴ്ന്നപ്പോൾ പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ റോഡരികിലേക്ക് തെറിച്ചു വീണിരുന്നു. ഇത് പോലീസിന്റെ കയ്യിൽ കിട്ടിയതാണ് പ്രതികൾ ഉടനെ വലയിലാകാൻ കാരണമായത്. ഫോണിലുണ്ടായിരുന്ന സിം പ്രതിയായ ജാഫറിന്റെ പേരിലുള്ളതായിരുന്നു. പോലീസിന്റെ കൈവശം കിട്ടിയ ഫോണിലേക്ക് അല്പനേരത്തിന് ശേഷം വന്ന കോൾ മുദസ്സിറിന്റെയായിരുന്നു. ഇതോടെ പോലീസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ പോലീസിന്റെ കയ്യിൽ കിട്ടിയ കാര്യം പ്രതികൾക്ക് അറിയാൻ കഴിഞ്ഞില്ല.
ഫോൺ മാറ്റാർക്കോ കിട്ടിയെന്നും അതാണ് സ്വിച്ച് ഓഫ് ചെയ്യാൻ കാരണമെന്നും കരുതിയ പ്രതികൾ നേരെ കോഴിക്കോടേക്ക് പോവുകയും ചെയ്തു. ഇതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കണ്ണവം പോലീസ് നടത്തിയ അന്വേഷണം ചെന്ന് നിന്നത് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിലും. രാത്രി വൈകിയാണ് പോലീസ് കോഴിക്കോടെത്തുന്നത്.
പോലീസ് എത്തുമ്പോൾ ജാഫറും മുദസ്സിറും റൂമിലുണ്ടയിരുന്നു. വാതിലിൽ മുട്ടിയെങ്കിലും തുറക്കാൻ തയ്യാറായില്ല. ഹോട്ടൽ ജീവനക്കാരനാണെന്നും ഹോട്ടലിൽ തീപിടിച്ചെന്നും പോലീസ് പറഞ്ഞപ്പോഴാണ് പ്രതികൾ ധൃതിയിൽ വാതിൽ തുറന്നതും പോലീസിന്റെ പിടിയിലായതും. മോഷണവസ്തു വില്ക്കാൻ സഹായിച്ച മിഥുനെക്കുറിച്ച് പ്രതികൾ തന്നെയാണ് പോലീസിന് മൊഴി നല്കിയത്. എന്നാൽ, രാത്രിയിൽ സ്വർണം വില്ക്കാൻ സാധിക്കാത്തതിനാൽ പ്രതികളുടെ കയ്യിലുണ്ടായിരുന്ന മോഷണമുതലും പോലീസ് കസ്റ്റഡിയിലെടുത്തു.
ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 17/25 കെസിൽ പ്രതികളായ ജാഫറും മുദസ്സിറും കേസ് സംബന്ധമായി കണ്ണൂരിലുണ്ടായിരുന്നു. ഇവർ മടങ്ങി പോകും വഴി ഇരിട്ടിയിൽ നിന്ന് സ്ത്രീയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനുശേഷമാണ് ഇവർ കോളയാടെത്തിയത്.
മാല പൊട്ടിച്ച സംഭവം അറിഞ്ഞയുടൻ കണ്ണവം പോലീസ് ഉടൻ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലാവാൻ കാരണമായത്.